Header Ads

  • Breaking News

    കത്തയച്ചിട്ടില്ല, അയക്കേണ്ടത് ഖാർഗെക്ക്, രാഹുൽ ഗാന്ധിയെ അലോസരപ്പെടുത്തരുതെന്ന് തനിക്കറിയാം: സുധാകരൻ





    കണ്ണൂർ: കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധതയറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്റെ പേരില്‍ ഇപ്പോള്‍ പുറത്ത് വരുന്ന കത്തിലെ കാര്യങ്ങള്‍ മാധ്യമങ്ങളുടെ ഭാവനാ സൃഷ്ടിയാണ്. ഇത്തരം ഒരു കത്ത് ഏത് കേന്ദ്രത്തില്‍ നിന്നാണ് വന്നതെന്ന് അന്വേഷിക്കും. അവാസ്തവമായ കാര്യങ്ങളാണ് മാധ്യമങ്ങളിലൂടെ കുറച്ച് ദിവസങ്ങളായി തനിക്കെതിരെ പുറത്ത് വരുന്നതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി.

    ഫാസിസ്റ്റ് ശക്തികളില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള വലിയ ഉദ്യമം ഏറ്റെടുത്ത് ഭാരത് ജോഡോ യാത്രയുമായി മുന്നോട്ട് പോകുന്ന രാഹുല്‍ ഗാന്ധിക്ക് ആലോസരമുണ്ടാക്കുന്ന വിധം കത്തെഴുതാനുള്ള മൗഢ്യം എനിക്കില്ല. ഇങ്ങനെ ഒരു കത്ത് എഴുതേണ്ടതുണ്ടെങ്കില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെക്കാണെന്ന സംഘടനാബോധം എനിക്കുണ്ട്. എന്നാല്‍ അതിന് കടകവിരുദ്ധമായി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഇതില്‍ നിന്ന് തന്നെ സാമാന്യം ബോധമുള്ള എല്ലാവര്‍ക്കും ഇതിന്റെ പിന്നിലെ ഗൂഢലക്ഷ്യം ബോധ്യമാകും. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തകര്‍ച്ച ആഗ്രഹിക്കുന്നവരാണ് ഇത്തരം ഒരു വാര്‍ത്തയുടെ ബുദ്ധികേന്ദ്രം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുക എന്ന ലക്ഷ്യം ഇത്തരമൊരു വാര്‍ത്തയ്ക്ക് പിറകിലുണ്ട്. അത്തരം കെണിയില്‍ വീഴാതിരിക്കാനുള്ള ജാഗ്രത പ്രവര്‍ത്തകര്‍ കാണിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

    ഒരു പരിശോധനയും ഇല്ലാതെ ഇത്തരമൊരു വാര്‍ത്ത നല്‍കിയതിന് പിന്നില്‍ തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയെന്ന ഗൂഢലക്ഷ്യമാണെന്ന് അദ്ദേഹം വിമർശിച്ചു. ഒരു മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള എന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗം സമയവും വിനിയോഗിച്ചത് മതേതരത്വത്തിന്റെ പ്രാധാന്യവും ജനാധിപത്യമൂല്യങ്ങളുടെ പ്രസക്തിയും ന്യൂനപക്ഷ സംരക്ഷണത്തിന്റെ വര്‍ത്തമാന കാല ആവശ്യകതയും ഊന്നിപറയാനായിരുന്നു .ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പ്രവര്‍ത്തകരെ സന്നദ്ധരാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. ആ സന്ദേശങ്ങളെയെല്ലാം തമസ്‌കരിച്ചും തന്റെ പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധിയെ വക്രീകരിച്ചും കേവലം സെക്കന്റുകള്‍ മാത്രം വരുന്ന ചില വാക്യങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദം സൃഷ്ടിക്കുകയായിരുന്നു മാധ്യമങ്ങളെന്നും അദ്ദേഹം വിമർശിച്ചു.


    No comments

    Post Top Ad

    Post Bottom Ad