വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം: രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട്, പിഴവ് കണ്ടെത്തിയാൽ കർശന നടപടി: ആരോഗ്യമന്ത്രി
തലശ്ശേരി: തലശേരി ജനറൽ ആശുപത്രിയിൽ വൻ ചികിത്സ പിഴവെന്ന ആരോപണം ഗൗരവതരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. പിഴവുകൾ ഉണ്ടെന്നു കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകും. അന്വേഷിച്ച് സമയബന്ധിതമായി റിപ്പോര്‍ട്ട് നൽകാൻ ആരോഗ്യ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് കിട്ടുമെന്നും അവര്‍ പറഞ്ഞു.
തലശേരി ചേറ്റംകുന്ന് നാസാ ക്വാർട്ടേർസിൽ താമസിക്കുന്ന അബൂബക്കർ സിദ്ധിഖിന്റെ മകൻ സുൽത്താനാണ് കൈ നഷ്ടമായത്. പാലയാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 17കാരനായ സുൽത്താൻ. ഒക്ടോബർ 30 ന് വൈകീട്ടാണ് അപകടം നടന്നത്. വൈകുന്നേരം വീടിന് അടുത്തുള്ള ഗ്രൗണ്ടിൽ ഫുട്ബോൾ കഴിക്കുന്നതിനിടെ വീണാണ് എല്ല് പൊട്ടിയത്. തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലെത്തിച്ചു.ആശുപത്രിയുടെ അനാസ്ഥയാണ് കൈ മുറിച്ച് മാറ്റാന്‍ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. എല്ല് പൊട്ടിയിട്ടും ഒരാഴ്ച കഴിഞ്ഞാണ് ആശുപത്രിയിൽ നിന്ന് സർജറി നടത്താൻ പോലും തയ്യാറായത് . അപ്പോഴേക്കും കയ്യിലേക്കുള്ള രക്തയോട്ടം നിലച്ചിരുന്നു. പിന്നീട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കൽ കോളജിൽ വച്ച് കൈ മുഴുവനായി മുറിച്ച് മാറ്റണമെന്ന് പറഞ്ഞതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മുട്ടിന് താഴെ മുറിച്ച് മാറ്റിയത്.
ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് തലശ്ശേരി ജനറൽ ആശുപത്രിയുടെ വിശദീകരണം. എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കയ്യിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന കമ്പാർട്ട്മെന്റ് സിൻഡ്രോം എന്ന അവസ്ഥ വന്നു. പിന്നീട് സർജറി ചെയ്തെങ്കിലും നീർക്കെട്ട് മാറാനുള്ളത് കൊണ്ട് കൈ തുന്നിക്കെട്ടിയിരുന്നില്ല. അണുബാധയ്ക്ക് സാധ്യതയുണ്ടെന്ന് ബന്ധുക്കളോട് പറഞ്ഞിരുന്നു. പത്താമത്തെ ദിവസമാണ് അണുബാധ ശ്രദ്ധയിൽ പെട്ടത്. ഒപ്പം ബ്ലീഡിംഗും ഉണ്ടായി. ബ്ലീഡിംഗ് ഉണ്ടായില്ലെങ്കിൽ കൈ രക്ഷിക്കാമായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.
No comments
Post a Comment