Header Ads

  • Breaking News

    അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക: കലക്ടർ




    അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അറിയിച്ചു. കേരള സർക്കാരിന്റെ അംഗീകൃത പൊതുജന സേവന കേന്ദ്രം അക്ഷയ കേന്ദ്രങ്ങൾ മാത്രമാണ്. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന  സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകൾ സംബന്ധിച്ച ബോർഡ് എല്ലാ കേന്ദ്രങ്ങളിലും പ്രദർശിപ്പിക്കുന്നുണ്ട്. അപേക്ഷകൻ സമർപ്പിക്കുന്ന വിലപ്പെട്ട രേഖകൾ മൂന്നാമതൊരാളിൽ എത്തിച്ചേരാതിരിക്കാനുള്ള ബോധവത്കരണവും അക്ഷയ സംരംഭകർക്ക് നൽകിയിട്ടുണ്ട്. ഇവയുടെ നടത്തിപ്പ് പരിശോധിക്കാൻ സർക്കാർ സംവിധാനം എല്ലാ  ജില്ലകളിലും നിലവിലുണ്ട്. 
    ഇത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ജില്ലയിൽ നിരവധി സമാന്തര ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷേ, സർക്കാർ സേവനങ്ങൾ ഓൺലൈനായി വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതിന് അക്ഷയ കേന്ദ്രങ്ങളെ മാത്രമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
    സമാന്തര ഓൺലൈൻ കേന്ദ്രങ്ങളിൽ സമർപ്പിക്കുന്ന പൊതുജനങ്ങളുടെ വിലപ്പെട്ട വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. സമാന്തര ഓൺലൈൻ ജനസേവന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജില്ലയിലെ പോലീസ് മേധാവികൾക്കും റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കും, തദ്ദേശസ്വയം ഭരണ വകുപ്പ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ നിന്ന് വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയതായും, അനധികൃത പ്രവർത്തങ്ങൾ നടക്കുന്നതായും മറ്റും പരാതികൾ സർക്കാറിന്റെ ശ്രദ്ധയിലുണ്ട്.
    നിലവിൽ ഇലക്ട്രോണിക്‌സ്-വിവര സാങ്കേതിക വിദ്യ വകുപ്പ് പുറപ്പെടുവിച്ച സർക്കാർ ഉത്തരവ് പ്രകാരമുള്ള നിർദേശങ്ങൾ ഇപ്രകാരമാണ്.  
    * സംസ്ഥാന സർക്കാറിന്റെ വിവിധ സർക്കാർ വകുപ്പുകൾ ലഭ്യമാക്കിയ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകാനുള്ള അംഗീകൃത സെന്ററുകൾ അക്ഷയ കേന്ദ്രങ്ങൾ മാത്രമായിരിക്കും. 
    * വ്യക്തിഗത ലോഗിനിലൂടെ പൊതുജനങ്ങൾക്ക് സ്വന്തം ആവശ്യത്തിനായി സർക്കാർ സേവനങ്ങൾ ലഭ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനം കോമൺ സർവീസ് സെന്ററുകളോ ഇതര ഓൺലൈൻ സേവന കേന്ദ്രങ്ങളോ വ്യാവസായിക അടിസ്ഥാനത്തിൽ ഉപയോഗിക്കാൻ പാടില്ല. അത്തരം പ്രവൃത്തികൾ കണ്ടെത്തുകയാണെങ്കിൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കും. 
    * അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ബോർഡുകൾ/ ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിധരിപ്പിച്ച് സേവനങ്ങൾ നൽകുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിൻ ദുരുപയോഗപ്പെടുത്തി ഇ-ഡിസ്ട്രിക്ട് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുകയോ ചെയ്യുന്നതായി കണ്ടെത്തിയാൽ നിയമപരമായ കർശന നടപടികൾ സ്വീകരിക്കും. 
    * വിലപ്പെട്ട രേഖകളുടെ സുരക്ഷിതത്വം, പ്രവർത്തന നിരീക്ഷണത്തിന് വിവിധ തലങ്ങളിലുള്ള സംവിധാനങ്ങൾ, സർക്കാർ നിശ്ചയിച്ചിട്ടുള്ള സർവീസ് ചാർജ്ജ് എന്നിവ കണക്കിലെടുത്ത് സർക്കാറിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് അക്ഷയ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad