Header Ads

  • Breaking News

    കണ്ണൂരിൽ വിദ്യാര്‍ഥിനിയെ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; യുവാവ് പിടിയിൽ



    കണ്ണൂർ: കണ്ണൂര്‍ നഗര മധ്യത്തിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൈക്ക് കടന്ന് പിടിച്ച്‌ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. സംഭവത്തിലെ പ്രതിയായ യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് അറസ്റ്റ് ചെയ്തു. കുറുവ സ്വദേശി മുഹമ്മദ് ഷരീഫ് (36) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ആണ് സംഭവം. എസ്ബിഐ ബസ്‌ സ്റ്റോപ്പില്‍ ബസ്സിറങ്ങി സ്കൂളിലേക്ക് പോകുകയായിരുന്ന് വിദ്യാര്‍ഥിനിയുടെ സമീപത്ത് കാര്‍ നിര്‍ത്തിയ പ്രതി പേര് ചോദിക്കുകയായിരുന്നു. എന്തിനാണു പേര് ചോദിക്കുന്നതെന്ന് ചോദിച്ച്‌ വിദ്യാര്‍ഥിനി നടന്ന് പോയപ്പോള്‍ സ്കൂളിലേക്കുള്ള വഴിയില്‍ കാറിന്‍റെ പിന്‍വശത്തെ ഡോര്‍ തുറന്ന് നിര്‍ത്തിയിടുകയും പെണ്‍കുട്ടി അടുത്ത് എത്തിയപ്പോള്‍ കൈയില്‍ പിടിച്ച് വലിച്ച്‌ കാറില്‍ കയറ്റാന്‍ ശ്രമിക്കുകയും ആയിരുന്നു. വിദ്യാര്‍ഥിനി ബഹളം വച്ച്‌ ഓടി സ്കൂളിലെത്തി അധ്യാപകരോട് വിവരം പറയുകയായിരുന്നു. ഉടന്‍ തന്നെ സ്കൂള്‍ അധികൃതര്‍ വനിതാ സെല്ലില്‍ വിവരം അറിയിച്ചു. വനിതാ സെല്ലിലെ പോലീസ് സ്കൂളിൽ എത്തി പെണ്‍കുട്ടിയുടെ മൊഴി എടുക്കുകയും ടൗണ്‍ എസ്‌എച്ച്‌ഒ ബിനു മോഹന്‍റെ നേതൃത്വത്തില്‍ സമീപത്തെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കാര്‍ കണ്ടെത്തുകയും ആയിരുന്നു.
    തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്‍റെ ആര്‍സി ഉടമ സ്ഥലത്തില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് കാര്‍ ഉപയോഗിക്കുന്നത് പ്രതിയാണെന്ന് കണ്ടെത്തുക ആയിരുന്നു. ആര്‍.സി ഉടമ കാര്‍ പ്രതിക്ക് വിറ്റിരുന്നു എങ്കിലും ആര്‍.സി മാറ്റിയിരുന്നില്ല. പ്രതി നേരത്തെ എംഡിഎംഎ കേസില്‍ ഉള്‍പ്പെട്ട വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു. പോക്സോ കേസ് പ്രകാരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



    No comments

    Post Top Ad

    Post Bottom Ad