മണ്ണാർക്കാട്ടെ അമ്മയുടെയും മകളുടെയും തിരോധാനം; 10 വർഷത്തിന് ശേഷം അന്വേഷിക്കാൻ പ്രത്യേക സംഘം
പാലക്കാട് : മണ്ണാർക്കാട് നെച്ചുള്ളിയിലെ അമ്മയുടേയും മകളുടേയും തിരോധനം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. 10 വർഷം മുമ്പാണ് സൈനബയെയും മകൾ ഫർസാനയേയും കാണാതായത്. ബന്ധുക്കൾ പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിക്കാൻ തയ്യാറാകാത്തത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
ദുരൂഹതകളും നിഗൂഢതകളും മാത്രമുള്ള നൊച്ചുള്ളിയിലെ അമ്മയുടേയും മകളുടെയും തിരോധാനം അന്വേഷിക്കാൻ ഒടുവിൽ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. പാലക്കാട് എസ്പി ആർ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മണ്ണാർക്കാട് ഇൻസ്പെക്ടർ ബോബൻ മാത്യുവിൻ്റെ കീഴിൽ എട്ടസംഘത്തെയാണ് നിയോഗിച്ചത്.
സൈനബ, മകൾ ഫർസാന എന്നിവരെ കാണാതാകുന്നത് 10 വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2012 നവംബർ 17 നായിരുന്നു ഇരുവരുടെയും തിരോധാനം. മമ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ തീർഥാടനത്തിനാണെന്ന് പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്ന് യാത്രപുറപ്പെട്ടത്. ഭർത്താവിൻ്റെ സഹോദരൻ അബ്ദുട്ടിയുടെ കൂടെയായിരുന്നു യാത്ര. എന്നാൽ പിന്നെ സൈനബയേയും മകളെയും ആരും കണ്ടിട്ടില്ല. അബ്ദുട്ടിയാകട്ടെ ഇടയ്ക്ക് നാട്ടിൽ വന്നുപോവുകയും ചെയ്തു.
ഇതോടെ, സൈനബയുടെ മകൻ മുഹമ്മദ് അനീസ്, അമ്മയേയും സഹോദരിയെയും കാണാനില്ലെന്ന് പരാതിപ്പെട്ടു. എന്നാൽ മണ്ണാർക്കാട് പൊലീസ് കാര്യമായി അന്വേഷിച്ചില്ല. കണ്ടെത്താനായില്ലെന്ന് ന്യായം പറഞ്ഞ് പരാതി ക്ലോസ് ചെയ്തു. സൈനബയ്ക്കും മകൾ ഫർസാനയ്ക്കുമൊപ്പം അന്ന് യാത്രപോയ അബ്ദുട്ടിയെ ഒരിക്കൽ പോലും പൊലീസ് ചോദ്യം ചെയ്തില്ലെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു.
പൊലീസ് തിരോധാനക്കേസിൽ കാണിച്ച അലംഭാവം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതതിന് പിന്നാലെയാണ്, പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. 30 വർഷം മുമ്പ് നാടുവിട്ടുപോയ അബ്ദുട്ടി സൈനബയുടേയും മകളുടേയും തിരോധാനത്തിന് തൊട്ടു മുമ്പാണ് വീണ്ടും നാട്ടിലെത്തിയത്. തിരിച്ചെത്തിയത് ഒർജിനൽ അബ്ദുട്ടിയാണോ എന്ന് വീട്ടുകാർക്കിടയിൽ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഡിഎൻഎ ടെസ്റ്റുകൾ ക്രമീകരിക്കുന്നതിനിടെയാണ് സൈനബയേയും മകളേയും കാണാതായത്.
No comments
Post a Comment