Header Ads

  • Breaking News

    സിക്കിം അപകടം: മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും



    പാലക്കാട്: സിക്കിമിൽ വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ ജന്മനാടായ പാലക്കാട് മാത്തൂരിലെത്തിക്കും. ഗാങ്ടോക്കിൽ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ ഇന്ന് പൂർത്തിയാക്കും. നാളെ വൈകീട്ടോടെയായിരിക്കും സംസ്‌ക്കാര ചടങ്ങുകൾ നടക്കുകയെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

    ഇന്നലെ ഉച്ചയോടെയാണ് വൈശാഖിന്റെ ബന്ധുക്കളെ സൈന്യം മരണവിവരം അറിയിച്ചത്. ഒക്ടോബറിൽ മകൻ തൻവികിന്റെ ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ വൈശാഖിന്റെ വിയോഗം നാട്ടുകാർക്കും ബന്ധുക്കൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. രണ്ടുദിവസം മുൻപും വൈശാഖ് വീട്ടിലേക്ക് വിളിച്ചിരുന്നു. ആദ്യം അപകടത്തിൽപെട്ടെന്നാണ് ഭാര്യ ഗീതയെ സഹപ്രവർത്തകർ വിളിച്ചറിയിച്ചത്. എന്നാൽ, വൈകീട്ടോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

    ഗാങ്ടോക്കിൽ പോസ്റ്റ്മോർട്ടവും എംബാമിങ് നടപടികളും പൂർത്തിയാക്കിയ ശേഷം ഉന്നതസൈനിക ഉദ്യോഗസ്ഥർ അന്തിമോപചാരം അർപ്പിക്കും. തുടർന്ന് നാളെ 16 സൈനികരുടെയും മൃതദേഹങ്ങൾ ജന്മനാടുകളിലെത്തിക്കും. കോയമ്പത്തൂർ വിമാനത്താവളം വഴി നാളെ വൈകീട്ടോടെ വൈശാഖിന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കൾ പറയുന്നത്.

    ഇന്നലെ രാവിലെയായിരുന്നു സിക്കിമിൽ 16 സൈനികരുടെ മരണത്തിനിടയാക്കിയ വാഹനാപകടം. രാവിലെ ചാറ്റെനിൽനിന്ന് താംഗുവിലേക്ക് പോകുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിലൊന്നാണ് ഇന്ത്യ-ചൈന അതിർത്തിയിൽ അപകടത്തിൽപ്പെട്ടത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ച് സൈനികരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരെയും രക്ഷിക്കാനായില്ല. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തിലേറ്റ ഗുരുതര പരിക്കാണ് മരണകാരണമെന്നാണ് സേന പ്രസ്താവനയിൽ അറിയിച്ചത്.

    No comments

    Post Top Ad

    Post Bottom Ad