ആറളം ഫാമിൽ ഇരുചക്ര വാഹന യാത്രികർ കാട്ടാനക്ക് മുന്നിൽ പെട്ടു ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ ജീവൻ രക്ഷിക്കാനായി
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനയുടെ മുന്നിൽ പെട്ട ഇരുചക്ര വാഹന യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫാമിലെ നിവാസികളായ ജിനീഷും സുഹൃത്ത് സുജിത്തുമാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ഇരുവരും മെല്ലെ ബൈക്കിൽ വരുന്നതിനിടിയിൽ റോഡരികിൽ നില്ക്കുകയായിരുന്ന ആനയുടെ മുന്നിൽപ്പെടുകയായിരുന്നു. ബൈക്കിൽ നിന്നും ചാടി ഇരുവരും ആനയുടെ മുന്നിൽ നി്ന്നും ഓടി രക്ഷപ്പെട്ടു. ഏറെ കഴിഞ്ഞ് തിരിച്ചെതിയപ്പോഴെക്കും കാട്ടാന ബൈക്ക് തകർത്തിരുന്നു. റോഡരികിൽ തള്ളിയിട്ട് ബൈക്ക് ചവിട്ടിതകർത്തു.
തിങ്കളാഴ്ച രാത്രി ഫാം പുരധിവാസ മേഖലയിലെ ഏഴാംബ്ലോക്കിൽ ഭഗവതി റോഡിൽ വെച്ചായിരുന്നു സംഭവം. സംഭവമറിഞ്ഞ് വനം വകുപ്പ് അധികൃതരും ആറളം പോലീസും സ്ഥലത്തെത്തി. മേഖലയിൽ വാഹനങ്ങൾക്ക് നേരേയും ആനയുടെ അക്രമണം വർദ്ധിച്ചു വരികയാണ്.
ഒരാഴ്ച്ച മുൻമ്പ് ചെത്ത് തൊഴിലാളിയുടെ ബൈക്കും ആന തകർത്തിരുന്നു. അന്ന് തൊഴിലാളികൾ ആനയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതും തലനാരിഴയ്ക്കായിരുന്നു.
കാട്ടാന ഭീഷണി മൂലം കീഴ്പ്പള്ളി - പാലപ്പുഴ റോഡിൽ രാത്രി വാഹനങ്ങൾ ഓടുന്നത് മാസങ്ങളായി നിലച്ച അവസ്ഥയിലാണ്. സ്ഥിതി അറിയാതെ എത്തിപ്പെടുന്നവർ മാത്രമേ ഇതുവഴി സഞ്ചരിക്കാറുള്ളു. മേഖലയിലെ ഇടറോഡുകളും ഇതുതന്നെയാണ് സ്ഥിതി. ഒരു മാസം മുൻമ്പ് വളയംചാലിന് സമീപം ആദിവാസി യുവാവ് ആനയുടെ കുത്തേറ്റ് മരിച്ചത് റോഡിലൂടെ നടന്ന് വീട്ടിലേക്ക് വരുന്നതിനിടിയിലാണ്. പകൽ അഞ്ചുമണി കഴിഞ്ഞാൽ കാൽനടയായും വാഹനങ്ങളിലുമുള്ള യാത്രപോലും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്.
ഫാമിന് പുറത്ത് കൂലിപണിക്ക് പോകുന്നവരും ഫാമിലെ തൊഴിലാളികളുമാണ് ആന ഭീഷണി മൂലം ഏറെ കഷ്ടപ്പെടുന്നത്. മേഖലയിൽ കടുവയുടെ സാന്നിധ്യം കൂടി കണ്ടതോടെ വനപാലകരുടെ ശ്രദ്ധ കടുവയിലേക്ക് നീങ്ങിയിരിക്കുകയാണ്. ആനയുടേയും കടുവയുടേയും ഭീഷണി ഒരേ സമയം പ്രതിരോധിക്കേണ്ടി വരുന്നത് വനം വകുപ്പിനും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. പുരധിവാസ മേഖലയിലെ കാടുകൾ മുഴുവൻ വെട്ടിതെളിയിക്കാനുള്ള പ്രവർത്തനങ്ങളും ഇഴഞ്ഞു നീങ്ങുകയാണ്.
No comments
Post a Comment