Header Ads

  • Breaking News

    കാസര്‍ഗോഡ് സ്വദേശിയായ യുവതി അടിവസ്ത്രത്തിനുളളിൽ കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം കരിപ്പൂരിൽ പിടികൂടി





    അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്തിയ യുവതിയെ കരിപ്പൂരിൽ പോലീസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വര്‍ണ്ണമിശ്രിതവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.

    ദുബായില്‍ നിന്നും ഷഹല കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 1884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.
    ഞായറാഴ്ച രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് (IX 346) യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പോലീസ് മേധാവി ശ്രീ.എസ്.സുജിത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.

    തുടര്‍ന്ന് ഇവരുടെ ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളില്‍ വിദഗ്ദമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

    പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 87 മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.


    No comments

    Post Top Ad

    Post Bottom Ad