Header Ads

  • Breaking News

    വിഴിഞ്ഞം തുറമുഖ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍




    വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തിന്റെ സുരക്ഷക്ക് കേന്ദ്രസേനയുടെ സേവനം ഏർപ്പെടുത്തുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്ത് മറുപടി അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി. വിഴിഞ്ഞത് ഒരു വെടിവെയ്പ്പ് ഒഴിവാക്കി സാധ്യമായതെല്ലാം ചെയ്തെന്നും വെടിവയ്പ് ഉണ്ടായിരുന്നെങ്കിൽ നിരവധി പേർ മരിക്കുമായിരുന്നെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

    അക്രമ സംഭവത്തിൽ കേസെടുത്തതല്ലാതെ പോലീസ് മറ്റൊരു നടപടിയുo എടുത്തില്ലെന്ന് അദാനി ഗ്രൂപ്പ് അഭിഭാഷകൻ കോടതിയിൽ ചൂണ്ടികാട്ടി. കേസില്‍ ആർച്ച് ബിഷപ്പ് ഉൾപ്പടെ പ്രതികൾ ആണെന്നും 5 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഹർജി ബുധനാഴ്ച പരിഗണിക്കും.

    സര്‍ക്കാര്‍ നടപടികള്‍ വെറും പ്രഹസനമാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍ വാദിച്ചു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ട് സര്‍ക്കാർ കേന്ദ്രസേനയുടെ സഹായം ആവശ്യപ്പെടുന്നില്ലെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ ചോദിച്ചു. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് കോടതി വിശദമായി പരിശോധിച്ചു. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

    വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനെതിരെ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജി കഴിഞ്ഞ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. തുറമുഖ നിര്‍മ്മാണ പ്രദേശത്ത് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന് അദാനി ഗ്രൂപ്പ് വാദിച്ചിരുന്നു. ഞായറാഴ്ചയുണ്ടായ പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ ധരിപ്പിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ വെള്ളിയാഴ്ച വരെ സര്‍ക്കാര്‍ സമയം ചോദിക്കുകയായിരുന്നു. വിഴിഞ്ഞത്തേത് വൈദികരുടെ നേതൃത്വത്തില്‍ നടന്ന കലാപമെന്നായിരുന്നു കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.


    No comments

    Post Top Ad

    Post Bottom Ad