നഗ്നപൂജനടത്താൻ യുവതികളുടെ നഗ്നചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച ഓൺലൈൻ ജ്യോതിഷി പിടിയിൽ
തിരുവനന്തപുരം: ഓൺലൈൻ ജ്യോതിഷി ചമഞ്ഞ് സോഷ്യൽ മീഡിയ വഴി യുവതികളുടെ നഗ്നചിത്രം പ്രവചരിപ്പിച്ച യുവാവ് പിടിയിലായി. കള്ളിക്കാട്, മുണ്ടവൻകുന്ന് സുബീഷ് ഭവനിൽ സുബീഷ്(37) ആണ് അറസ്റ്റിലായത്. നെയ്യാർഡാം സ്വദേശിനിയുടെ പരാതിയിൽ തിരുവനന്തപുരം റൂറൽ സൈബർക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത പരാതിയിലാണ് സുബിഷിനെ അറസ്റ്റ് ചെയ്തത്.
ഫേസ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയ ആപ്പുകളിലൂടെ സ്ത്രീകളുടെ പേരിൽ വ്യാജ അക്കൌണ്ടുകൾ തുടങ്ങി യുവതികളുമായി ചാറ്റ് ചെയ്താണ് ഇയാൾ നഗ്നചിത്രങ്ങൾ സംഘടിപ്പിച്ചത്. കുടുംബപ്രശ്നങ്ങൾ മാറാൻവേണ്ടി നഗ്നപൂജ ചെയ്യാനെന്ന് വിശ്വസിപ്പിച്ചാണ് സുബീഷ് നഗ്നചിത്രങ്ങളും വീഡിയോയും വാങ്ങിയിരുന്നത്.
എന്നാൽ യുവതികളുടെ നഗ്നചിത്രങ്ങളും വീഡിയോയും മറ്റ് സൈറ്റുകളിലൂടെ പ്രചരിപ്പിക്കുകയാണ് സുബീഷ് ചെയ്തിരുന്നത്. നെയ്യാർഡാം സ്വദേശിനിയായ യുവതിയുമായി ചാറ്റ് ചെയ്യുകയും ഭർത്താവും കുഞ്ഞും മരണപ്പെട്ട് പോകാൻ സാധ്യതയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ നഗ്നചിത്രങ്ങളും വീഡിയോയും നഗ്നപൂജയ്ക്കുവേണ്ടി കൈക്കലാക്കിയത്. എന്നാൽ നഗ്നചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകൾ വഴി പരാതിക്കാരിയുടെ ചിത്രങ്ങളും വീഡിയോയും പ്രതി അയച്ചുനൽകുകയാണ് ചെയ്തത്. ഇത് മനസിലാക്കിയതോടെയാണ് യുവതി പരാതി നൽകിയത്.
തിരുവനന്തപുരം റൂറൽ പൊലീസ് മേധാവി ശിൽപ ഐപിഎസിന്‍റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ പൊലീസ് സൂപ്രണ്ട് വിജുകുമാർ, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് ജി എസ്, സബ് ഇൻസ്പെക്ടർ സതീഷ് ശേഖർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്യാം, അദീൻ അശോക്, ബീന എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments
Post a Comment