കേരളത്തിലെ കുട്ടികളെ ഫുട്‌ബോൾ പഠിപ്പിക്കാൻ അർജന്റീന
ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അർജന്‍റീനിയൻ സർക്കാർ പ്രതിനിധി പറഞ്ഞു. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ നെഞ്ചേറ്റുന്ന മലയാളി ആരാധകർക്ക് നന്ദി അറിയിക്കാൻ ന്യൂഡൽഹിയിലെ കേരള ഹൗസിലെത്തിയ അർജന്‍റീന എംബസിയുടെ കൊമേഴ്സ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യറാണ് ഇക്കാര്യം അറിയിച്ചത്. അർജന്‍റീനയുടെയും മെസിയുടെയും ആരാധകർ ഇന്ത്യയിൽ എങ്ങും ഉണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകരാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിലെ അർജന്‍റീന അംബാസഡർ ഹ്യൂഗോ ജാവിയർ ഗോബിയും സംഘവും ഉടൻ കേരളം സന്ദർശിക്കും. കേരളവുമായുള്ള സഹകരണത്തിന്‍റെ സാധ്യതകൾ പരിശോധിക്കും. ഫുട്ബോളിന് പുറമെ കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലെ സാധ്യതകളും തേടും. കേരളത്തിലെ ആരാധകരെ നേരിൽ കാണാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ഹൗസിൽ റസിഡന്‍റ് കമ്മീഷണർ സൗരഭ് ജെയിൻ ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയ്ക്ക് പൊന്നാട സമ്മാനിച്ചു. ലോകകപ്പ് ഫൈനൽ ദിനത്തിൽ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന മലയാളി ആരാധകരുടെ ആഹ്ലാദപ്രകടനങ്ങൾ ചേർത്ത് തയ്യാറാക്കിയ വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. അർജന്‍റീനയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തിൽ പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്കും മുറിച്ചു.
No comments
Post a Comment