Header Ads

  • Breaking News

    കണ്ണും കാതും മനസും ബേക്കലിലേക്ക്. കാസര്‍കോട് മിഴിതുറക്കുന്നു കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍.

    പത്ത് ദിവസങ്ങള്‍, മൂന്ന് വേദികള്‍, കണ്ണും കാതും മനസും കവരുന്ന ഇരുന്നൂറില്‍പ്പരം സ്റ്റാളുകള്‍. സപ്തഭാഷ സംഗമ ഭൂമി മിഴി തുറക്കുകയാണ്, കേരളത്തിലെ ആദ്യ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിനായി. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യങ്ങളുടെ മുഖശ്രീയായ കാസര്‍ഗോഡ് ഒരിക്കല്‍ കൂടി ലോകോത്തര ബീച്ച് ഫെസ്റ്റുമായി എത്തുകയാണ്. 2022 പടിയിറങ്ങും മുമ്പ് എക്കാലവും ഓര്‍ത്തു വയ്ക്കാന്‍ കഴിയുന്ന കലാ-സാംസ്‌കാരിക-വ്യാവസായിക വിപണന മേളയൊരുക്കിയാണ് നാട് ഏവരേയും സ്വാഗതം ചെയ്യുന്നത്. ഇന്ന് ആരംഭിക്കുന്ന ‘ബേക്കല്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റ് ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നങ്ങോട്ടുള്ള 10 ദിവസങ്ങളില്‍ കലാകായിക സാംസ്‌കാരിക വൈവിധ്യങ്ങളുടെ ‘മിനി ഇന്ത്യന്‍’ പരിച്ഛേദം കാസര്‍കോടിന്റെ ഭൂമികയില്‍ ഏവര്‍ക്കും അനുഭവിച്ചറിയാനാകും.

    ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായ ഫ്‌ലോട്ടിങ് ബ്രിഡ്ജ് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ഇന്നലെ വൈകീട്ട് 4.30 ന് നാടിന് സമര്‍പ്പിച്ചു.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെന്‍സിറ്റി പോളി എത്തലിന്‍ (എച്ച്.ഡി.പി.ഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലം നിര്‍മിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കടല്‍പ്പരപ്പിലൂടെ ഒഴുകി നടക്കുന്ന ഫ്‌ലോട്ടിങ് ബ്രിഡ്ജിന് മൂന്ന് മീറ്റര്‍ വീതിയും 150 മീറ്റര്‍ നീളവുമുണ്ട്. രാവിലെ 11 മുതല്‍ വൈകീട്ട് 6 വരെ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഒരേ സമയം 50 പേര്‍ക്കാണ് പാലത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.

    ഗ്രാന്‍ഡ് കാര്‍ണിവല്‍, വാട്ടര്‍സ്പോര്‍ട്ടസ്,ഹെലികോപ്റ്റര്‍ റൈഡ്, ഫ്‌ലാവര്‍ ഷോ, ബിസിനസ്സ് മേള, അലങ്കാര മത്സ്യ മേള, എഡ്യു എക്‌സ്‌പോ, ബി2സി മാര്‍ക്കറ്റ് തുടങ്ങി വ്യത്യസ്ത കാഴ്ചകളുടെ വിരുന്നുകളാണ് ജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കാസര്‍കോടിന്റെ വൈവിധ്യമറിയാന്‍ രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരും പരിപാടിയില്‍ പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad