മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സതേടിയവരുടെ എണ്ണം 130 ആയി
മയ്യിൽ:- മലപ്പട്ടത്ത് ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സതേടിയവരുടെ എണ്ണം 130 ആയി. വയറിളക്കം, ഛർദി, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സയ്ക്കെത്തുന്നത്.ശനി, ഞായർ ദിവസങ്ങളിൽ മലപ്പട്ടം കുപ്പം ഭഗത്‌സിങ് വായനശാലയ്ക്ക് സമീപത്തെ വിവാഹവീട്ടിൽനിന്ന് ഭക്ഷണംകഴിച്ചവർക്കാണ് വിഷബാധയുണ്ടായത്. ആരുടെയും നില ഗുരുതരമല്ല.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡി.എം.ഒ.യുടെ നിർദേശപ്രകാരം കൂടുതൽ ഡോക്ടർമാരെ എത്തിച്ചു. മയ്യിൽ സി.എച്ച്.സി.യിലും മലപ്പട്ടം എഫ്.എച്ച്.സി.യിലും ശ്രീകണ്ഠപുരം, തളിപ്പറമ്പ്, കണ്ണൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആസ്പത്രികളിലുമാണ് ഭക്ഷ്യവിഷബാധയേറ്റവർ ചികിത്സതേടിയത്.ചൊവ്വാഴ്ച ഡി.പി.എം. ഡോ. അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ മെഡിക്കൽ സംഘം മലപ്പട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു. തുടർന്ന് കുപ്പത്തെത്തി ഭക്ഷ്യ സാംപിളുകളും പാചകത്തിന് ഉപയോഗിച്ച കിണറുകളിലെ വെള്ളവും പരിശോധനക്കായി ശേഖരിച്ചു.
പരിശോധനാഫലം ലഭിച്ചാൽ മാത്രമെ വിഷബാധയുടെ കാരണം പറയാനാകൂവെന്ന് ഡി.എം.ഒ. അറിയിച്ചു. വിവാഹസത്കാരത്തിന് ശനിയാഴ്ച രാത്രി ചോറും ചിക്കൻ കറിയും ഞായറാഴ്ച സദ്യയുമായിരുന്നു. ചികിത്സയ്ക്കെത്തിയവരിൽ കൂടുതലും ശനിയാഴ്ച രാത്രിയിൽ ഭക്ഷണംകഴിച്ചവരാണ്. ഞായറാഴ്ച ഭക്ഷണം കഴിച്ച ചിലരും ചികിത്സതേടിയിട്ടുണ്ട്.
ശാരീരിക അസ്വസ്ഥതകളുള്ളവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രമണി അറിയിച്ചു.
No comments
Post a Comment