Header Ads

  • Breaking News

    നടിയെ ആക്രമിച്ച കേസ്: രണ്ടാംഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങും, മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെ വിസ്തരിക്കും





    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക. ഇതിനിടെ കേസിൽ അഭിഭാഷകരെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയെ സമീപിച്ചേക്കും.

    തുടരന്വേഷണത്തിലെ 39 സാക്ഷികളിൽ 27 പേരുടെ വിസ്താരം ആണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. 12 സാക്ഷികളെ വിസ്തരിച്ചില്ല. രണ്ടാം ഘട്ടം 20 പേരെകൂടി വിസ്തരിക്കാനുള്ളവരുടെ പട്ടികയാണ് പ്രോസിക്യൂഷൻ കോടതിയ്ക്ക് കൈമാറിയത്. ഇതിൽ മഞ്ജുവാര്യർ, സാഗർ വിൻസെന്‍റ്, മുഖ്യപ്രതി പൾസർ സുനിയുടെ അമ്മ അടക്കമുള്ളവർ ഉൾപ്പെടുന്നു.സാക്ഷികൾക്ക് കോടതി നോട്ടീസ് അയക്കുന്ന നടപടികൾ തുടങ്ങി.

    കേസിൽ ബാലചന്ദ്രകുമാർ, ഹാക്കർ സായ് ശങ്കർ അടക്കമുള്ളവരെ ആദ്യ ഘട്ടം വിസ്തരിച്ചു. ബാലചന്ദ്ര കുമാറിന്‍റെ പ്രതിഭാഗം ക്രോസ് വിസ്താരം ഉടൻ പൂർത്തിയാകും. ദിലീപിന്‍റെ ഫോണിലെ തെളിവ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സായ് ശങ്കറിനെ വിസ്തരിച്ചത്. ക്രൈംബ്രാ‌ഞ്ചിന് നൽകിയ മൊഴി സായ് ശങ്കർ ആവർത്തിച്ചെന്നാണ് സൂചന. 

    ഇതിനിടെ കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ അതിജീവിത വീണ്ടും നീക്കം തുടങ്ങി. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് സർക്കാർ ഇതിന് അനുമതി നൽകിയില്ല. എന്നാൽ കേസിലെ മുഖ്യ തെളിവ് നശിപ്പിച്ച അഭിഭാഷകരെ പ്രതിയാക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. രണ്ട് വർഷമായി തുടരുന്ന വിചാരണ നടപടികൾ ഫ്രെബ്രുവരി അവസാന വാരത്തോടെ പൂർത്തിയാക്കി മാർച്ചിൽ വിധി പ്രസ്താവിക്കുമെന്നാണ് കരുന്നത്.


    No comments

    Post Top Ad

    Post Bottom Ad