Header Ads

  • Breaking News

    ഹരിതകര്‍മ്മസേനയ്ക്ക് 50 രൂപ യൂസര്‍ഫീ കൊടുക്കാനില്ലാത്തവര്‍ക്ക് 50,000 പിഴയടയ്ക്കാം ; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ നിയമനടപടി




    തിരുവനന്തപുരം : ഹരിതകര്‍മ്മസേനയ്ക്കും അവര്‍ക്ക് നല്‍കുന്ന യൂസര്‍ഫീയ്ക്കും എതിരേ നടക്കുന്ന ദുഷ്പ്രചരണത്തിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു. മന്ത്രി എം.ബി. രാജേഷ് ഉള്‍പ്പെടെ ഭരണരംഗത്തെ അനേകരാണ് പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഹരിതകര്‍മ്മസേനയെ ജനങ്ങള്‍ ഗൗരവത്തില്‍ എടുക്കാന്‍ നടപടി കൊണ്ടുവരാനൊരുങ്ങുകയാണ്. യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് 50,000 രൂപ പിഴയടക്കമുള്ളവ ആലോചനയിലുണ്ട്.

    ഹരിതകര്‍മ്മസേനയ്ക്ക് എതിരേയുള്ള ദുഷ്പ്രചരണങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും തടയിടാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഡി ജി പി യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സാമൂഹ്യമാധ്യമം വഴി മന്ത്രി എം.ബി. രാജേഷും ഹരിതകര്‍മ്മ സേനയ്ക്കായി രംഗത്ത് വന്നിട്ടുണ്ട്. ഹരിതകര്‍മ്മ സേനയ്ക്ക് എതിരേ പ്രചരണം നടത്തുന്നവര്‍ മാലിന്യമുക്ത കേരളത്തിനായുള്ള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന നടപടിയാണ് നടത്തുന്നതെന്നാണ് എം.ബി. രാജേഷ് കുറിച്ചത്.

    ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും വീടുകളില്‍ വന്ന് ശേഖരിക്കുന്ന ജോലികള്‍ കേരളത്തില്‍ ചെയ്യുന്നത് 30,890 ഹരിതകര്‍മ്മ സേനാംഗങ്ങളാണ്. ഈ നവംബര്‍ വരെ 5000 ടണ്‍ പ്ലാസ്റ്റിക്മാലിന്യമാണ് ഇവര്‍ നീക്കിയത്. മാസം 50 രൂപ ഇവര്‍ക്ക് യൂസര്‍ഫീ നല്‍കണം. എന്നാല്‍ പഞ്ചായത്തുകളിലെ സേവനത്തിന് ഹരിതകര്‍മ്മസേനയ്ക്ക് ഫീസടച്ച രസീത് നിര്‍ബന്ധമില്ലെന്ന പ്രചാരണം ഉണ്ടായതോടെയാണ് വിഷയം ബന്ധപ്പെട്ടവരും ഗൗരവത്തില്‍ എടുത്തിരിക്കുന്നത്.

    തദ്ദേശസ്ഥാപനത്തിനുള്ള തുക നല്‍കാതിരുന്നാല്‍ ലൈസന്‍സ് അടക്കമുള്ളവ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള വ്യവസ്ഥ കര്‍ശനമാക്കാനാണ് നീക്കം. പ്ലാസ്റ്റിക് മാലിന്യം സേനയ്ക്ക് കൈമാറാത്തവര്‍ക്കും യൂസര്‍ഫീ നല്‍കാത്തവര്‍ക്കും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കും കത്തിക്കുന്നവര്‍ക്കുമെതിരെ 10000 മുതല്‍ 50000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഹരിതകര്‍മ്മ സേനയ്ക്ക് എതിരേ പ്രചരണം നടത്തിയാല്‍ നിയമനടപടിയ്ക്കു പോകാനും ആലോചനയുണ്ട്.

    ഹരിതകര്‍മ്മസേന പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ട്. സേനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളില്‍ യൂസര്‍ഫീ നിര്‍ബന്ധമാക്കാന്‍ നടപടികളെടുക്കാനും നിര്‍ദ്ദേശമുണ്ട്.


    No comments

    Post Top Ad

    Post Bottom Ad