ഒരു മാസത്തിനിടെ ആരംഭിച്ചത് 500- ലധികം കമ്പനികൾ, റെക്കോർഡ് നേട്ടവുമായി കേരളം
സംസ്ഥാനത്ത് ഡിസംബറിൽ ആരംഭിച്ചത് 500- ലധികം പുതിയ കമ്പനികൾ. കോർപ്പറേറ്റ് കാര്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2022 ഡിസംബറിൽ 587 പുതിയ കമ്പനികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, മൊത്തത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കമ്പനികളുടെ എണ്ണം 74,008 ആണ്. അവയിൽ 47,909 കമ്പനികൾ മാത്രമാണ് ഇന്ന് സജീവമായിട്ടുള്ളത്. ഡിസംബറിൽ റെക്കോർഡ് നേട്ടം കൈവരിച്ചതോടെ 500- ന് മുകളിൽ പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്ത 7 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടം നേടിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ ലഭ്യത, ധനകാര്യം, നികുതി ഘടന, തൊഴിൽ നിയമങ്ങൾ പാലിക്കുന്നത്, വസ്തുവിന്റെ രജിസ്ട്രേഷൻ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു സംസ്ഥാനം കമ്പനികൾ തുടങ്ങാൻ എത്രമാത്രം അനുകൂലമാണെന്ന് വിലയിരുത്തുന്നത്. രാജ്യത്ത് പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്യുന്നതിൽ മുന്നിട്ട് നിൽക്കുന്നത് മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളാണ്. 2,944 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തുകൊണ്ട് മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനം നിലനിർത്തിയിരിക്കുന്നത്. 2022 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, 24,49,618 കമ്പനികളാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവയിൽ 15,06,341 കമ്പനികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്.
No comments
Post a Comment