കണ്ണൂരിൽ വയോധികയുടെ വീടിന് തീവച്ച സംഭവം; പ്രതി അറസ്റ്റിൽ, പിന്നിൽ വ്യക്തി വിരോധമെന്ന് പോലീസ്
കണ്ണൂർ : കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച പ്രതി അറസ്റ്റിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്. പാറക്കണ്ടിയിലെ ശ്യാമളയുടെ വീടിന് പ്രതി തിങ്കളാഴ്ച പുലർച്ചെ 2.30 ന് തീവയ്ക്കുകയായിരുന്നു. വ്യക്തി വിരോധമാണ് തീ വയ്ക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 2.30 നായിരുന്നു സംഭവം. കയ്യിൽ ചൂട്ടുമായെത്തിയ പ്രതി സതീഷ് വീടിന് മുന്നിൽ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കൾക്ക് തീയിട്ടു. തീ ആളി വീട്ടിലേക്ക് പടർന്നു. പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ശ്യാമള രക്ഷപ്പെട്ടത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതാണ് കേസന്വേഷണത്തിലെ പ്രധാന തെളിവായി മാറിയത്. തലേ ദിവസവും പ്രതി മണ്ണെണ്ണയൊഴിച്ച് പാഴ്വസ്തുക്കൾക്ക് തീ വെക്കാൻ ശ്രമിച്ചിരുന്നു എന്നാൽ പൂർണമായി കത്താത്തതോടെ തിരിച്ച് പോയി. ശ്യാമള വീടിന് മുന്നിൽ പാഴ് വസ്തുക്കൾ കൂട്ടിയിടുന്നതുമായി ബന്ധപ്പെട്ട തർക്കവും വ്യക്തി വിരോധവുമാണ് തീ വെക്കാൻ കാരണമായതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു. പ്രതി മദ്യ ലഹരിയിലായിരുന്നു. ശ്യാമളയ്ക്ക് വീട് വച്ച് നൽകുമെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശ്യാമള ഇപ്പോൾ കണ്ണൂരിലെ ഐആർപിസി കേന്ദ്രത്തിൽ കഴിയുകയാണ്
No comments
Post a Comment