നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിൽ ബസ് കയറിയിറങ്ങി : പിന്നാലെ തീ പിടിച്ചു
കണ്ണൂർ: നിയന്ത്രണം വിട്ട് കാറിലിടിച്ചു മറിഞ്ഞ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയതിനു പിന്നാലെ തീപിടിച്ചു കത്തി. ബൈക്ക് യാത്രക്കാരൻ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തോട്ടട സ്വദേശി ഋത്വിക് രാജീവനാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
മട്ടന്നൂർ-കണ്ണൂർ റോഡിൽ മതുക്കോത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഏച്ചൂർ ഭാഗത്തു നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരേ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. ഇതിനിടെ കണ്ണൂരിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി. ഇതിനുപിന്നാലെ ബൈക്കിന് തീപിടിക്കുകയായിരുന്നു.
കാറിൽ ഇടിച്ച് ബൈക്ക് മറിഞ്ഞതോടെ രാജീവൻ റോഡിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു. ഇതാണ് നിസാരപരിക്കുകളോടെ ഋത്വിക് രക്ഷപ്പെടാൻ കാരണമായത്. തുടർന്ന്, കണ്ണൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.
No comments
Post a Comment