ഇനി ശാസ്ത്രീയ പരിശോധന; ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ശരീരത്തിൽ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ ശാസ്ത്രീയ അന്വേഷണം. കത്രിക ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര വകുപ്പിന് കത്രിക കൈമാറി ശാസ്ത്രീയ പരിശോധന നടത്താനാണ് തീരുമാനം.
2017 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയായ ശേഷം, അടിവാരം സ്വദേശി ഹർഷിന അനുഭവിച്ചത് തീരാവേദനയാണ്. ഒടുവിൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് വയറ്റിൽ കുടുങ്ങിയ കത്രിക രൂപത്തിലുളള ശസ്ത്ക്രിയ ഉപകരണം പുറത്തെടുത്തു. എന്നാൽ തങ്ങൾക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന രീതിയിലുള്ള വാദമായിരുന്നു മെഡിക്കൽകോളേജ് പ്രിൻസിപ്പളിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. മറ്റേതോ ആശുപത്രിയിലെ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവാകാമെന്ന വിശദീകരണമായിരുന്നു കോഴിക്കോട് മെഡിക്കല്‍ കോളേജ് അധികൃതര്‍ ആദ്യം നല്‍കിയത്. ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും ആശുപത്രിയിലെ ഉപകരണങ്ങളൊന്നും നഷ്ടമായില്ലെന്ന് കണക്കെടുപ്പിൽ വ്യക്തമായെന്നുമാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ഈ വാദം പൊളിക്കുന്ന വീഡിയോ പിന്നീട് പുറത്തു വന്നു. ആശുപത്രിക്ക് തെറ്റുപറ്റിയതായി ഡോക്ടർമാർ സമ്മതിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതര്‍ പ്രതിരോധത്തിലായി. ഇതിന് പിന്നാലെയാണ് കത്രിക ഫോറൻസിക് പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
No comments
Post a Comment