റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം; ദില്ലിയിലിലും പരിസരങ്ങളിലും കനത്ത സുരക്ഷ, സംസ്ഥാനത്തും വിപുലമായ ആഘോഷം
ദില്ലി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും.
പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കമാകും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ സിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി. കർത്തവ്യ പഥിലും സമീപ പ്രദേശങ്ങളിലും സുരക്ഷ വിന്യാസം ശക്തമാക്കി. കർത്തവ്യപഥിന്റെയും പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും നിർമ്മാണത്തിൽ ഭാഗമായ തൊഴിലാളികളും, വഴിയോരകച്ചവടക്കാരും, റിക്ഷാ തൊഴിലാളികളുമടക്കം ആയിരത്തോളം പേർ ഇത്തവണ പരേഡിൽ അതിഥികളായെത്തും.
സംസ്ഥാനത്തും വിപുലമായ ആഘോഷം
സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. പരേഡിന് ശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളിലെ കുട്ടികള്‍ ദേശഭക്തിഗാനം ആലപിക്കും. പതാക ഉയര്‍ത്തുന്നതിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഗവര്‍ണര്‍ പുഷ്പാര്‍ച്ചന നടത്തും. ജില്ലാതലത്തില്‍ ആഘോഷപരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.
No comments
Post a Comment