Header Ads

  • Breaking News

    താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി; തടി ദേഹത്ത് വീണ് പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു





    സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ തെങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു സമീപത്ത് ഉണങ്ങിനിന്ന തെങ്ങ് വെട്ടിമാറ്റുന്നതിനിടെയായിരുന്നു രാജന് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ രാജനെ കല്‍പ്പറ്റയിലെ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

    കല്‍പ്പറ്റയില്‍ നിന്നും കോഴിക്കോട്ടേക്ക് ഇദ്ദേഹത്തെ കൊണ്ടു പോകുന്നതിനിടയില്‍ ചുരത്തിലെ ഗതാഗത കുരുക്ക് കാരണം ആംബുലന്‍സ് കടന്നുപോകാന്‍ ഏറെ പ്രയാസം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു. ബി.ജെ.പി പ്രാദേശിക നേതാവായിരുന്ന രാജന്‍ പുല്‍പ്പള്ളി താഴെ അങ്ങാടിയില്‍ ഭക്ഷണശാല നടത്തിവരികയായിരുന്നു. ഭാര്യ: വസന്ത.

    പുതുവർഷ ആഘോഷ തിരക്കിനിടയില്‍ താമരശ്ശേരി ചുരത്തിൽ വലിയ ഗതാഗത കുരുക്കാണുണ്ടായത്. കാര്‍ നടുറോഡില്‍ കുടുങ്ങി മണിക്കൂറുകളാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. എഴാംവളവിനടുത്ത് വീതികുറഞ്ഞ ഭാഗത്താണ് കാര്‍ യന്ത്രത്തകരാര്‍ മൂലം നിശ്ചലമായത്. ഉച്ചയ്ക്ക് ശേഷം മൂന്നിന് റോഡില്‍ കുടുങ്ങിയ കാര്‍ വൈകുന്നേരം ഏഴോടെയാണ് റോഡരികിലേയ്ക്ക് മാറ്റാനായത്. അത് വരെയും ഒറ്റവരിയായി വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടായിരുന്നെങ്കിലും വാഹന ബാഹുല്യത്താല്‍ അതും അസാധ്യമാവുന്ന സാഹചര്യം നേരിട്ടിരുന്നു. 

    അവധിയും പുതുവർഷ ദിനവുമായതിനാല്‍ ചുരത്തില്‍ വാഹനങ്ങളുടെ തിരക്ക് പതിവിലും ഏറെ കൂടുതലായിരുന്നു. ഇതോടെ വാഹനങ്ങളുടെ നിര അടിവാരം കഴിഞ്ഞും വയനാട്ടില്‍ വൈത്തിരിവരെയും നീണ്ടിരുന്നു. തകരാറിലായ കാര്‍ നന്നാക്കുന്നതിന് മെക്കാനിക്കെത്താന്‍ വൈകിയതാണ് കാറുമാറ്റാൻ വൈകിയതെന്ന് പൊലീസ് പറയുന്നത്. മാനന്തവാടിയിൽ പൂപ്പൊലി പ്രദർശനവും എൻ ഊരും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കും ചുരത്തിൽ അനുഭവപ്പെടുന്നുണ്ട്.


    No comments

    Post Top Ad

    Post Bottom Ad