പോളിയോ ബാധിച്ച് അരക്ക് താഴെ തളർന്നു; വീൽചെയറിലിരുന്ന് മീൻ കച്ചവടം; തോൽക്കാൻ മനസ്സില്ലെന്ന് സുമ
തിരുവനന്തപുരം: കുടുംബത്തിൻ്റെ പട്ടിണി മാറ്റാൻ വീൽചെയറിലിരുന്ന് മീൻ വിറ്റ് യുവതി. തിരുമല വലിയവിള മൈത്രി നഗർ താമസിക്കുന്ന സുമ (33) ആണ് ശാരീരിക പരിമിതികളോട് പോരാടി അതിജീവനത്തിന്റെ നേർക്കാഴ്ചയാകുന്നത്. തിരുവനന്തപുരം കുണ്ടമൺകടവ് പാലത്തിനരികിലെ പാതയോരത്താണ് സുമയുടെ മീൻ കച്ചവടം. പോളിയോ ബാധിച്ച് അരക്ക് കീഴ്പോട്ട് തളർന്നു പോയ അവസ്ഥയാണ് സുമയുടേത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭർത്താവ് ശങ്കറിന്റെ വരുമാനം കൊണ്ട് മാത്രം മുന്നോട്ട് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സുമ മീൻ കച്ചവടം നടത്താൻ തീരുമാനിച്ചത്. ഭർത്താവ് ശങ്കറും മകൻ എയ്ഡനും ഭർത്താവിന്റെ കുടുംബാംഗങ്ങളും അടങ്ങുന്നതാണ് സുമയുടെ വീട്.
വീടിന്റെ വാടകയും കടവും കൊണ്ട് നട്ടം തിരിഞ്ഞതോടെ ബാധ്യത പങ്കിടാൻ സുമയും തയ്യാറായി. പ്ലസ് ടൂ കഴിഞ്ഞ് ത്രീഡി അനിമേഷൻ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ള സുമ ജോലിക്ക് വേണ്ടി പല സ്ഥാപനങ്ങളെയും സമീപിച്ചെങ്കിലും ഫലം കണ്ടില്ല. തൻ്റെ വൈകല്യം ആണ് പലയിടത്തും തടസമായി പറഞ്ഞതെന്ന് സുമ പറയുന്നു. എന്നാൽ അതൊന്നും സുമയെ തളർത്തിയില്ല. രണ്ടു ദിവസം മുൻപാണ് സുമ മീൻ കച്ചവടം തുടങ്ങിയത്.
ബാങ്ക് വായ്പയിൽ വാങ്ങിയ ഓമ്നി വാഹനത്തിൽ പുലർച്ചെ 5 മണിക്ക് മത്സ്യം വാങ്ങാൻ ഇറങ്ങും.
പൂന്തുറ കടപ്പുറത്ത് എത്തി മത്സ്യം വാങ്ങി 7 മണിയോടെ കുണ്ടമൺകടവ് പാലത്തിന് സമീപം എത്തും. ഉച്ചയ്ക്ക് 12 മണിവരെ ഇവിടെ ഉണ്ടാകും. വെയിൽ അടിച്ച് വീൽചെയറിന്റെ ഇരുമ്പ് ഭാഗങ്ങൾ ചൂടാകുന്നതിനാൽ തിരികെ വീട്ടിലേക്ക് മടങ്ങും. വെയിൽ താഴ്ന്ന് മൂന്ന് മണിയോടെ വീണ്ടും തിരികെയെത്തി രാത്രി 7 മണിവരെ കച്ചവടം തുടരും. ഒപ്പം മകൻ എയ്ഡനും ഉണ്ടാകും.
കടപ്പുറത്ത് നിന്ന് നേരിട്ട് എത്തിക്കുന്ന മീൻ ആയതിനാൽ ഇത് വാങ്ങാൻ ധാരാളം ആളുകൾ എത്താറുണ്ട്. തനിക്ക് വലിയ ലാഭം ഒന്നും വേണ്ട എന്നും ജീവിക്കാനുള്ള കാശ് കിട്ടിയാൽ മതി എന്നുമാണ് സുമയുടെ നിലപാട്. തമിഴ്നാട് സ്വദേശിയായ ബന്ധുവാണ് രണ്ടു ദിവസം വണ്ടി ഓടിക്കാൻ ഒപ്പം ഉണ്ടായിരുന്നത്. ഇയാൾ തിരികെ നാട്ടിലേക്ക് മടങ്ങിയതോടെ വാഹനം ഓടിക്കാൻ മറ്റൊരാളെ തേടുകയാണ് സുമ. നിലവിൽ ഓട്ടോറിക്ഷയിൽ കൊണ്ട് പോയാണ് കച്ചവടം നടത്തുന്നത്.
മീൻ വാങ്ങാൻ മുടക്കുന്ന കാശ് മാത്രാണ് സുമയ്ക്ക് ഇപ്പൊൾ തിരികെ ലഭിക്കുന്നത്. സാമ്പത്തികം ഇല്ലാത്തതിനാൽ തുച്ഛമായ അളവിൽ മാത്രമേ മീൻ എടുക്കാൻ കഴിയുന്നുള്ളൂ എന്നതിനാൽ ലാഭം ലഭിച്ച് തുടങ്ങിയിട്ടില്ല. അതിനാൽ ഒരാളെ ശമ്പളം നൽകി വാഹനം ഓടിക്കാൻ ജോലിക്ക് വെയ്ക്കാനും കഴിയാത്ത അവസ്ഥയാണ്. കച്ചവടം നല്ല രീതിയിൽ ആയാൽ ആവശ്യക്കാർക്ക് വീടുകളിൽ കൊണ്ട് ചെന്ന് മത്സ്യം നൽകാനും സുമ ആലോചിക്കുന്നുണ്ട്.
No comments
Post a Comment