മയ്യിലിൽ ഇനി വനിതകളും ഓട്ടോറിക്ഷ ഓടിക്കും; ആദ്യ വനിത ഓട്ടോറിക്ഷ സംരംഭകയായ സൗമ്യക്ക് ഓട്ടോറിക്ഷ കൈമാറി
മയ്യിൽ:- എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിന്റെ ഭാഗമായി മയ്യിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ വനിത ഓട്ടോറിക്ഷ സംരംഭക ശ്രീമതി സൗമ്യക്ക് ഓട്ടോറിക്ഷ കൈമാറി.
രാവിലെ 10 മണിക്ക് മയ്യിൽ ഗ്രാമപഞ്ചായത്ത് പരിസരത്ത് വച്ച് മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത എം. വി താക്കോൽ കൈമാറി ആദ്യ ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടന കർമം നിർവഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിന് സ്വാഗതം വ്യവസായ വകുപ്പ് ഇന്റേൺ ശ്രീ. ശ്രീരാഗ് പറഞ്ഞു. മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. എ. ടി രാമചന്ദ്രൻ, സി. ഡി. എസ് ചെയർപേഴ്സൺ ശ്രീമതി. രതി വി. പി, ഔക്സിലറി ഗ്രൂപ്പ് സെക്രട്ടറി ശ്രീമതി രേഷ്മ എം വി തുടങ്ങിയവർ സംസാരിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത്, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രം, തുടങ്ങിയവയുടെ സഹായത്തോടെയാണ് പദ്ധതി യഥാർഥ്യമായത്.ഈ പദ്ധതിപ്രകാരം ഗ്രാമപ്രദേശങ്ങളിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നവർക്കായി 35% സബ്‌സിഡിയോട് കൂടിയുള്ള ലോൺ ലഭ്യമാണ്.സംരഭകർ ആകുവാൻ താല്പര്യമുള്ളവരെ സഹായിക്കുവാൻ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വ്യവസായ വകുപ്പ് നിയമിച്ച ഇന്റേൺ പ്രവർത്തിക്കുന്നുണ്ട്.
No comments
Post a Comment