സെക്രട്ടേറിയറ്റ് വളയൽ സമരവുമായി കെപിസിസി: ഒരു ലക്ഷം പേര്‍ പങ്കെടുക്കും
തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കെപിസിസി. രണ്ടു ദിവസമായി കെപിസിസി ആസ്ഥാനത്ത് ചേർന്ന ഭാരവാഹികളുടെയും നിർവാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് എൽഡിഎഫ് സർക്കാരിന്റെ ഭരണപരാജയങ്ങൾ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാനുള്ള പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാൻ കെപിസിസി തീരുമാനിച്ചത്. അതിന്റെ ഭാഗമായി മേയ് 4 വ്യാഴാഴ്ച ഭരണ തകർച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാൻ എന്ന മുദ്രാവാക്യം ഉയർത്തി ഒരുലക്ഷം പ്രവർത്തകരെ അണിനിരത്തി സെക്രട്ടറിയേറ്റ് വളയൽ സംഘടിപ്പിക്കും.
രാവിലെ 7 മുതൽ വെെകുന്നേരം 5 മണിവരെയാണ് സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്.വിലക്കയറ്റത്തിനെതിരെയും മയക്കുമരുന്ന് മാഫിയക്കെതിരെയും, സർക്കാരിന്റെ കർഷക ദ്രോഹത്തിനും സ്വജനപക്ഷപാതത്തിനും പിൻവാതിൽ നിയമനങ്ങൾക്കും ക്രമസമാധാന തകർച്ചയും സെൽഭരണത്തിനും എതിരായുള്ള ജനരോഷം സെക്രട്ടറിയേറ്റ് വളയൽ പ്രതിഷേധത്തിൽ പ്രതിഫലിക്കും. സെക്രട്ടറിയേറ്റ് വളയൽ വൻ വിജയമാക്കുന്നതിന് വേണ്ടി കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എംഎൽഎ ചെയർമാനായി പ്രക്ഷോഭ കമ്മിറ്റിക്ക് കെപിസിസി രൂപം നൽകി.
വിവിധ ജില്ലകളെ ഉൾപ്പെടുത്തി രൂപികരിച്ച മേഖലാ കമ്മിറ്റികളുടെ കോഡിനേറ്റർമാരായി കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല നൽകി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടേത് പിഎം നിയാസിനേയും മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടേത് ആര്യാടൻ ഷൗക്കത്തിനേയും എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടേത് അബ്ദുൾ മുത്തലിബിനും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളുടേത് കെ.പി. ശ്രീകുമാറിനുമാണ് ചുമതല.
ഭാരത് ജോഡോ യാത്രയുടെ അടുത്ത ഘട്ടമായി എ.ഐ.സി.സിയുടെ നേതൃത്വത്തിൽ ജനുവരി 26 മുതൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ഹാഥ് സേ ഹാഥ് ജോഡോ അഭിയാൻ ജനസമ്പർക്ക പരിപാടി സംസ്ഥാനത്ത് മാർച്ച് 20 വരെയുള്ള ദിവസങ്ങളിലായി സംഘടിപ്പിക്കും. 'ഭാരത് ജോഡോ യാത്ര' കാശ്മീരിൽ സമാപിക്കുന്ന ദിവസമായ ജനുവരി 30 ന് എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തത്തോടെ 'ഭാരത് ജോഡോ ദേശീയോദ്ഗ്രഥന സംഗമം' പരിപാടികൾ സംഘടിപ്പിക്കും. ബൂത്ത് തല ഭവന സന്ദർശനം ഫെബ്രുവരി 1 മുതൽ ഫെബ്രുവരി 20 വരെയുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് 20 വരെയുള്ള ദിവസങ്ങളിൽ എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടേയും നേതൃത്വത്തിൽ മുന്ന് മുതൽ നാലു ദിവസം നീണ്ടു നിൽക്കുന്ന പദയാത്രകൾ സംഘടിപ്പിക്കും.
പാർട്ടി പ്രവർത്തന ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി 138 ചലഞ്ചിന് തുടക്കം കുറിക്കും. സുതാര്യവും കാര്യക്ഷമവുമായ രീതിയിൽ പുതിയ സാങ്കേതിക വിദ്യയുടെ സാഹയത്തോടെയാണ് 138 ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതിനായി ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്.138 രൂപയിൽ കുറയാത്ത ഏതൊരു തുകയും സംഭാവനയായി സ്വീകരിക്കാം.സംഭാവന ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാൽ അവർക്ക് കെപിസിസി പ്രസിഡന്റിന്റെ ഒപ്പോടുകൂടിയ ഡിജിറ്റൽ രസീതും എസ്എംഎസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കുകയും ചെയ്യും. ഓരോ ബൂത്തിൽ നിന്നും ഏറ്റവും കുറഞ്ഞത് 50 വ്യക്തികളിൽ നിന്നാണ് സംഭാവനകൾ സ്വീകരിക്കേണ്ടത്.
'ഹാഥ് സേ ഹാഥ് ജോഡോ' ക്യാമ്പയിനും 138 ചലഞ്ചും വിജയകരമായി നടപ്പാക്കുന്നതിനായി സംസ്ഥാന തലത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ചെയർമാനായും പഴകുളം മധു കൺവീനറായും സമിതിക്ക് രൂപം നൽകി. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷത്തിനായി കെപിസിസിയുടെ നേതൃത്വത്തിൽ ഒരു വർഷത്തെ ആഘോഷം സംഘടിപ്പിക്കാൻ തീരുമാനിക്കും.
വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി കെപിസിസിയുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനും കെപിസിസി നേതൃയോഗം തീരുമാനിച്ചു. പതിനാലു ജില്ലകളിലും വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കെപിസിസി വൈസ് പ്രസിഡന്റ്വി .പി. സജീന്ദ്രൻ ചെയർമാനായും എം. ലിജു കൺവീനറായും കമ്മിറ്റി രൂപീകരിച്ചു
No comments
Post a Comment