പഴയങ്ങാടിയിൽ വെളിച്ചം; പാലത്തിൽ ഇരുട്ട്
പഴയങ്ങാടി : പുതുവത്സരത്തിൽ പഴയങ്ങാടിയ്ക്ക് വെളിച്ചമേകി ഹൈമാസ്റ്റ് ലൈറ്റ്. എരിപുരം ട്രാഫിക് സർക്കിൾ, ഏഴോം റോഡ്, പഴയങ്ങാടി ബസ് സ്റ്റാൻഡ്, പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിലാണ് എംപി, എം.എൽഎ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
റോഡ് അപകടങ്ങൾക്കും മറ്റും രാത്രികാലങ്ങളിലെ വെളിച്ചക്കുറവ് വഴിവച്ചിരുന്നു. എരിപുരം ട്രാഫിക് സർക്കിൾ, പഴയങ്ങാടി പഴയ സ്റ്റാൻഡ് എന്നിവിടങ്ങളിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയുടെ വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.
പഴയങ്ങാടി ബസ് സ്റ്റാൻഡ്, എരിപുരം ഏഴോം റോഡ് എന്നിവിടങ്ങളിൽ എം.വിജിൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് തുക വകയിരുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. എന്നാൽ ഗതാഗത തിരക്കേറിയ പഴയങ്ങാടി റോഡ് പാലം, താവം റെയിൽവേ മേൽപാലം എന്നിവിടങ്ങളിൽ ഇപ്പോഴും കൂരിരുട്ടാണ്.
ഈ പുതു വർഷത്തിലെങ്കിലും കെഎസ്ടിപി റോഡിലെ പഴയങ്ങാടി പാലം, താവം റെയിൽവേ മേൽപാലം എന്നിവിടങ്ങളിലെ സോളർ വിളക്കുകൾ നന്നാക്കാൻ നടപടി ഉണ്ടാകുമോ എന്നാണ് നാട്ടുകാരുടെ ചോദ്യം. പഴയങ്ങാടി പഴയ സ്റ്റാൻഡിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമം ഇന്ന് വൈകിട്ട് 5ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി നിർവഹിക്കും.
No comments
Post a Comment