കുറഞ്ഞ ചിലവില്‍ ഓട്ടോയില്‍ വിനോദ സഞ്ചാരം; വയനാട്ടിൽ ടുക്ക്, ടുക്ക് ടൂറുമായി ടൂറിസം വകുപ്പ്
കോവിഡിന് ശേഷം വയനാട്ടിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. പ്രകൃതി ഭംഗിയും കാലാവസ്ഥയും ആസ്വദിക്കുന്നതിനായി റെക്കോർഡ് സഞ്ചാരികളാണ് ഈ സീസണിൽ വയനാട്ടിലേക്ക് എത്തിയത്. എന്നാൽ ഭൂമിശാസ്ത്രപരമായി പരിമിതികളുള്ള, ജില്ലയുടെ പല ഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടൽ പലപ്പോഴും ബുദ്ധിമുട്ടേറിയതാണ്. സ്വന്തമായോ വാടകയ്ക്കോ വാഹനങ്ങളില്ലാത്ത ബഡ്ജറ്റ് സഞ്ചാരികൾക്ക് ഇത് പലപ്പോഴും വലിയ വെല്ലുവിളിയാണ്.ഈ സാഹചര്യത്തിൽ പലരും പ്രാദേശിക സർവീസുകൾ നടത്തുന്ന ഓട്ടോറിക്ഷകളെയാണ് ഇതിനായി ആശ്രയിച്ചിരുന്നത്.
ഈ സാധ്യത തിരിച്ചറിഞ്ഞ് ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ടൂറിസം മേഖലയിൽ പരിശീലനം നൽകാൻ ഒരുങ്ങുകയാണ് വയനാട് ജില്ലാ ഭരണകൂടം. സഞ്ചാരികൾക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിന് പുറമേ ടൂറിസം സാധ്യതകൾ ഓട്ടോറിക്ഷാ തൊഴിലാളികളിലേക്കും എത്തിക്കുക കൂടിയാണ് ടുക്ക്, ടുക്ക് വയനാട് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
വയനാട് ജില്ലയിലെ ടൂറിസം പ്രവർത്തനങ്ങളുടെ നേട്ടങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് പദ്ധതി. അതോടൊപ്പം ഉത്തരവാദിത്വ ടൂറിസം മേഖലയിലേക്കുള്ള ഒരു കാൽവെപ്പ് കൂടിയായിരിക്കും ഇത്. ടുക്ക്, ടുക്ക് വയനാട് എന്ന ഈ പദ്ധതി പ്രകാരം വിവിധ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് പരിശീലനം നൽകുന്നതാണ്.തുടക്കം എന്ന നിലയിൽ ഏറ്റവും അധികം സഞ്ചാരികൾ എത്തുന്ന വൈത്തിരി, സുൽത്താൻ ബത്തേരി, അമ്പലവയൽ എന്നീ പഞ്ചായത്തുകളിലെ ഓട്ടോ ജീവനക്കാർക്ക് ടൂറിസം പ്രൊമോഷൻ കൗൺസിൽ ദേശീയ വിനോദ സഞ്ചാര ദിനമായ 25.01.23 ന് പരിശീലനം നൽകും. ബാക്കി വരുന്ന പഞ്ചായത്തുകളിൽ പരിശീലനം ഉടൻ ആരംഭിക്കുന്നതാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
No comments
Post a Comment