Header Ads

  • Breaking News

    തിരമാലകൾക്ക് മുകളിലൂടെ ഒഴുകിനടക്കാം



    മുഴപ്പിലങ്ങാട്: തിരമാലകൾക്ക് മുകളിലൂടെ ഒഴുകിനടക്കാം, കടലിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാം… സാഹസിക ടൂറിസത്തിന് മുതൽക്കൂട്ടായി മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് പൂർത്തിയായി. ബീച്ചിന്റെ തെക്കെ അറ്റത്താണ് 100 മീറ്റർ നീളത്തിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്.

    പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികൾക്ക് നിൽക്കാനായി പ്ലാറ്റ്ഫോമുമുണ്ട്. കൈവരികളും സ്ഥാപിച്ചു. ധർമടം തുരുത്തിന്റെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതൽ ആസ്വദിക്കാനും ഇതിലൂടെ കഴിയും. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പാലം താഴ്ന്നുയരുന്നത് സഞ്ചാരികൾക്ക് നവ്യാനുഭവമാകും.

    ഉന്നതഗുണനിലവാരമുള്ള റബ്ബറും പ്ലാസ്റ്റിക്ക് സംയുക്തങ്ങളുമുപയോഗിച്ച് ഏകദേശം ഒരുകോടി രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയും. ജി.എസ്.ടി. ഉൾപ്പെടെ 120 രൂപയാണ് പ്രവേശന ഫീസ്. പാലത്തിൽ കയറുന്നവർക്ക് ലൈഫ് ജാക്കറ്റ് നൽകും. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിവരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക.

    മലപ്പുറത്തെ തൂവൽതീരം അമ്യൂസ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമിച്ച് പ്രവർത്തിപ്പിക്കുന്നത്. ശനിയാഴ്ച രാവിലെ 10-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ എസ്. ചന്ദ്രശേഖർ എന്നിവർ പങ്കെടുക്കും.

    No comments

    Post Top Ad

    Post Bottom Ad