പിണക്കം മാറി ഗവർണറും സർക്കാരും; സഭാസമ്മേളനം നയപ്രഖ്യാപനത്തോടെ ആരംഭിക്കും
തിരുവനന്തപുരം: ഗവർണറുമായി സമവായത്തിന് തയ്യാറായി സർക്കാർ. ഇതോടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നത് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കുമെന്ന് ഏകദേശം ഉറപ്പായി. അനുരജ്ഞനത്തിന്‍റെ ഭാഗമായി നിയമസഭ സമ്മേളനം പിരിയുന്നതായി സർക്കാർ ഗവർണ്ണറെ അറിയിക്കും.
സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണ്ണർ അനുമതി നൽകിയതോടെ സർക്കാരും വിട്ടുവീഴ്ചക്കു തയ്യാറാവുന്നുവെന്നാണ് സൂചന. നാളെ മന്ത്രിസഭായോഗം ചേർന്ന് നിയമസഭ ചേരുന്നത് ചർച്ച ചെയ്യും. നിർണ്ണായക തീരുമാനത്തിന് മുൻപ് മുഖ്യമന്ത്രി സിപിഐ അടക്കം ഉള്ള കക്ഷികളുമായി ചർച്ച നടത്തി.
നേരത്തെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ തുടര്‍ച്ചയായി സഭ ചേരാനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, സത്യപ്രതിജ്ഞാ വിഷയത്തില്‍ ഗവര്‍ണര്‍ വഴങ്ങിയതോടെ ഈ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.
ഏഴാം സമ്മേളനം ഡിസംബറില്‍ അവസാനിച്ചിരുന്നുവെങ്കിലും സഭ പിരിയുന്നതായി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറെ അറിയിച്ചിരുന്നില്ല. നയപ്രഖ്യാപനം ഒഴിവാക്കി ജനുവരിയിൽ സഭാസമ്മേളനം തുടരുകയായിരുന്നു ഇതിലൂടെ സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുകൂല നിലപാട് എടുത്തതോടെ സർക്കാർ തീരുമാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. പുതിയ സമ്മേളനം ചേരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഏഴാം സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ സര്‍ക്കാര്‍ അറിയിക്കുന്നത്.
No comments
Post a Comment