Header Ads

  • Breaking News

    അഞ്ച് മാസമായി വേതനമില്ല;ആറളം ഫാമിലെ തൊഴിലാളികളും ജീവനക്കാരും പണിമുടക്കി




    ഇരിട്ടി: അഞ്ച് മാസമായി വേതനം കിട്ടാതെ തൊഴിലെടുക്കുകയായിരുന്ന തൊഴിലാളികളും ജീവനക്കാരും ജീവനക്കാരും പണിമുടക്കിലേക്ക് കടന്നതോടെ വെള്ളിയാഴ്ച ആറളം ഫാം നിശ്ചലമായ അവസ്ഥയിലായി. ഫാമിലെ ആദിവാസികൾ ഉൾപ്പെടെയുള്ള തൊഴിലാളികൾക്കും ജീവനക്കാർക്കും ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസത്തെ വേതനമാണ് കുശ്ശികയായി കിടക്കുന്നത്. എന്നാൽ തൊഴിലാളികൾ സമരത്തിന് നോട്ടീസ് നൽകിയതോടെ ചർച്ചകളിലൂടെ സമവായം ഉണ്ടാക്കാനുള്ള യാതൊരു ശ്രമവും നടത്താതെ കുടിശ്ശികയിൽ നിന്നും ഓഗസ്റ്റ് മാസത്തെ വേതനം നൽകി തൊഴിലാളികളെ വരുതിയിലാക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കം ഫലം കണ്ടില്ല. 
    ഫാമിലെ തൊഴിലാളികൾ ഒന്നടങ്കം പണിമുടക്കിയതോടെ ജീവനക്കാരും അവർക്ക് പിൻതുണയറിച്ച് പണിമുടക്കിനൊപ്പം ചേർന്നതോടെയാണ് വെള്ളിയാഴ്ച്ച് ഫാമിന്റെ പ്രവർത്തനം പൂർണ്ണമായും നിശ്ചലമായ അവസ്ഥയിലേക്ക് മാറിയത്. മുടങ്ങിക്കിടക്കുന്ന വേതന കുടിശ്ശിക സർക്കാർ ഏറ്റെടുക്കുക, ഫാമിലെ തൊഴിലാളികൾക്ക് ശബളം നൽകാനുള്ള ബാധ്യത സർക്കാറിനാണ് എന്നീ മുദ്രാവാക്യങ്ങളായിരുന്നു സമരവേദിയിൽ ഉയർന്നത്. ഫാം ഓഫീസ് പൂട്ടി കൊടികുത്തിയ തൊഴിലാളികളും ജീവനക്കാരും പ്രകടനായി എത്തി ഫാം ഓഫീസിന് മുന്നിൽ പ്രതിഷേധം തീർക്കുകയായിരുന്നു. 
     ജില്ലാ പഞ്ചായത്ത് വൈസ്. പ്രസിഡന്റും ആറളം ഫാം തൊഴിലാളിയൂണിയൻ പ്രസിഡന്റുമായ ബിനോയി കുര്യൻ ഉദ്ഘാടനം ചെയ്തു. ഫാം തൊഴിലാളിയുണിയൻ സെക്രട്ടറിയും സി പി ഐ നേതാവുമായ കെ.ടി ജോസ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഫാമിലെ മുൻ തൊഴിലാളിയും ഐ എൻ ടി യു സി നേതാവുമായ കെ. വേലായുധൻ, മറ്റ് യൂണിയൻ നേതാക്കളായ ആർ.ബി. പിള്ള, ഇ.എസ്. സത്യൻ, പി.ഡി. ജോസ്, കെ.കെ. ജനാർദ്ദനൻ, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

    സമരം ധനകാര്യ വകുപ്പിന്റെ മറുപടിയോടുള്ള പ്രതിഷേധം 
    ഫാമിലെ ഇപ്പോഴുള്ള പ്രതിസന്ധി പരിഹരിക്കാൻ അടിയന്തിര സഹായം ആവശ്യപ്പെട്ട് ഫാം മാനേജ്‌മെന്റ് നൽകിയ അപേക്ഷകൾ നിരസിച്ചതും അതിന് ധനകാര്യ വകുപ്പ് നൽകിയ മറുപടിയുമാണ് തൊഴിലാളികളെയും ജീവനക്കാരെയും സമരത്തിലേക്ക് എടുത്തുചാടാൻ പ്രേരിപ്പിച്ചത്. അഞ്ചുമാസമായി വേതനമില്ലാതെ പട്ടിണികിടന്ന് പണിയെടുക്കുകയായിരുന്നു ഇവർ. ശബളം നൽകാനായി പണം ചോദിച്ചുള്ള അപേക്ഷയുമായി ഇനി ഇങ്ങോട്ട് വരേണ്ടെന്ന രേഖാമൂലമുള്ള ധനകാര്യവകുപ്പിന്റെ മറുപടിയാണ് ഫാം മാനേജ്‌മെന്റിന് ലഭിച്ചത്. അടിയന്തിര സഹായം ആവശ്യപ്പെട്ട് ഫാം മാനേജ്‌മെന്റ് നൽകി രണ്ട് അപേക്ഷകളും ധനകാര്യ വകുപ്പ് നിരസിച്ച് തിരിച്ചയച്ചു. തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാനുള്ള പണം ഫാമിൽ നിന്നു തന്നെ കണ്ടെത്തണമെന്നാണ് ഇതിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനുള്ള പ്രാപ്തി ഫാമിനില്ല എന്നിരിക്കേ സർക്കാർ നിലപാട് കടുപ്പിച്ചതോടെ ഫാമിന്റെ ഭാവിയും തൊഴിലാളികളുടെ നിലനില്പ്പും ഭീഷണിയിലായിരിക്കുകയാണ്. ഫാമിലെ തൊഴിലാളികലെ സർക്കാറിന്റെ മറ്റ് ഫാമുകളിലെ തൊഴിലാളികളെപോലെ അംഗീകരിച്ചതിനാൽ വേതന വിതരണം സർ്ക്കാർ ഏറ്റെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
     സ്ഥിരം തൊഴിലാളികളും താല്ക്കാലിക തൊഴിലാളികളും ജീവനക്കാരുമാടക്കം 390പേരാണ് ഫാമിൽ ഉള്ളത്. ഇതിൽ താല്ക്കാലിക തൊഴിലാളികളും സ്ഥിരം തൊഴിലാളികളുമായി 200ഓളം പേർ പട്ടിക ജാതി, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവരാണ്. ഒരു മാസത്തെ വേതനം മാത്രം നൽകാൻ 50 ലക്ഷത്തോളം രൂപയാണ് വേണ്ടത്. ജീവനക്കാർക്കുള്ള പി എഫ് വിഹിതവും പിരിഞ്ഞ ജീവനക്കാർക്കുള്ള ആനുകൂല്യ വിതരണവും പാടേ നിലച്ചിരിക്കുകയാണ്. ഇതിനുമാത്രമായി രണ്ട് കോടിയോളം രൂപ വേണ്ടി വരുമെന്നാണ് പറയുന്നത്. ഓണത്തിന് തൊഴിലാളികൾ പട്ടിണി സമരം പ്രഖ്യാപിച്ചതുകൊണ്ടാണ് ഒരു മാസത്തെ ശബളം അനുവദിച്ചത്. അന്ന് ഒന്നരക്കോടി രൂപയാണ് വേതനം നൽകുന്നതിനായി സർക്കാർ അനുവദിച്ചത്. നാലുകോടിയാണ് അന്ന് സർക്കാർ പ്രഖ്യാപിച്ചതെങ്കിലും ധനകാര്യ വകുപ്പ് ഇടപെട്ട് ഒന്നരക്കോടിയായി വെട്ടിക്കുറച്ചു. പ്രതിവർഷം കൂലിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനായി മാത്രം ആറു കോടിയിലധികം രൂപ വേണം. ഇപ്പോൾ അതിന്റെ പാതി വരുമാനം പോലും ഫാമിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. കേന്ദ്രഗവർമ്മെണ്ടിന്റെ കയ്യിൽ ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച കാർഷിക ഫാം എന്ന് ഖ്യാതികേട്ട ആറളം ഫാമിന്റെ ഇന്നത്തെ സ്ഥിതി ഏറെ പരിതാപസകരമായ അവസ്ഥയിലേക്ക് അനുദിനം നീങ്ങുകയാണ്. ഈ നിലയിൽ മുന്നോട്ടു പോവുക എന്ന കാര്യം ഫാമിനെ സംബന്ധിച്ചിടത്തോളം ഏറെ ദുഷ്കരമായി തീർന്നിരിക്കുകയാണ്.


    No comments

    Post Top Ad

    Post Bottom Ad