സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും
കണ്ണൂർ: ജില്ലയിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കാര്‍ഷിക മേഖലയിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഫാം ടൂറിസവും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇരിക്കൂര്‍ ടൂറിസം സര്‍ക്യൂട്ടിന്റെ ഭാഗമായാണ് ഫാം ടൂറിസത്തിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയത്.
ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ മലപ്പട്ടം മുനമ്പുകടവ്, പഴശ്ശി ഡാം, കാലാങ്കി വ്യൂ പോയന്റ്, ശശിപ്പാറ, അളകാപുരി വെള്ളച്ചാട്ടം, പൈതല്‍ മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, കാഞ്ഞിരക്കൊല്ലി ട്രാക്കിങ് ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ് ടൂറിസം സര്‍ക്യൂട്ട് തയാറാക്കിയിരിക്കുന്നത്.
വളര്‍ത്തു മൃഗങ്ങളുടെയും കോഴിയുടെയും ഫാമുകള്‍, അലങ്കാര മത്സ്യ കൃഷികള്‍, ജാതിക്ക തോട്ടങ്ങള്‍, നെല്‍പ്പാടങ്ങള്‍, കുറ്റിയാട്ടൂര്‍ മാമ്പഴത്തോട്ടങ്ങള്‍ തുടങ്ങിയവ കൂട്ടിച്ചേര്‍ത്താണ് ഫാം ടൂറിസം പദ്ധതി രൂപകല്പന ചെയ്തത്. ടൂറിസം സര്‍ക്യൂട്ടിനായി വകയിരുത്തിയ മൂന്നുലക്ഷം രൂപയില്‍ ഉള്‍പ്പെടുത്തിയാണ് ഫാം ടൂറിസത്തിനുള്ള ഫണ്ട് കണ്ടെത്തുക.
ഇതിന് മുന്നോടിയായി സംസ്ഥാനത്ത് ഫാം ടൂറിസം വിജയകരമായി നടപ്പാക്കിയ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ബ്ലോക്കിലെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
സി ഡിറ്റുമായി ചേര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണ വിഡിയോ തയാറാക്കുന്ന തിരക്കിലാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ. ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി രൂപവത്കരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫാം ടൂറിസം വരുന്നതോടെ വിനോദ സഞ്ചാരമേഖലക്ക് പുത്തന്‍ ഉണര്‍വുണ്ടാകുമെന്നും കര്‍ഷകരുടെ വരുമാനം വര്‍ധിക്കുമെന്നും റോബര്‍ട്ട് ജോര്‍ജ് പറഞ്ഞു.
No comments
Post a Comment