ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത്കാര്‍ഡ് നിര്‍ബന്ധം; പരിശോധന ശക്തമാക്കും, ലക്ഷ്യം സേഫ് ഫുഡ് ഡെസ്റ്റിനേഷനെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഫെബ്രുവരി ഒന്നു മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും 'സേഫ് ഫുഡ് ഡെസ്റ്റിനേഷനാ'ണ് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.
വ്യാജ ഹെല്‍ത്ത് കാര്‍ഡ് നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്‍കിയാല്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കും.
തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ താമസിക്കുന്ന ഇടങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വവും സാഹചര്യങ്ങളും അടക്കം പരിശോധിക്കും. ഇതിനായി ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് പ്രത്യേക ട്രെയിനിങ് നല്‍കുമെന്നും വീണ ജോര്‍ജ് അറിയിച്ചു. പറവൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്. സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.
No comments
Post a Comment