എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പൊതുശ്മശാനം ഉറപ്പാക്കണം: സ്പീക്കര്‍ എ എന്‍ ഷംസീര്‍
സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലും പൊതു ശ്മശാനം ഉറപ്പാക്കണമെന്ന് നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ പറഞ്ഞു. പയ്യന്നൂര്‍ നഗരസഭ മൂരിക്കൊവ്വലില്‍ നിര്‍മിച്ച വാതക ശ്മശാനം നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. പൊതുവെ മരണാനന്തര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടത്തുന്ന രീതിയാണ് കേരളം പിന്തുടരുന്നത്. എന്നാല്‍ ഭൂമി സ്ഥിതിപരമായ പരിമിതികളും ഉയര്‍ന്ന ജനസാന്ദ്രതയും വീട്ടുവളപ്പിലെ സംസ്‌കരണ രീതിക്ക് അനുയോജ്യമല്ല. അതിനാല്‍ മരണാനന്തര ചടങ്ങുകള്‍ പൊതുശ്മശാനങ്ങളില്‍ നടത്തുകയെന്ന പൊതുബോധം ജനങ്ങളില്‍ വളര്‍ത്തിയെടുക്കണം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്ന രീതിയില്‍ പൊതുശ്മശാനങ്ങള്‍ രൂപകല്‍പ്പന ചെയ്യണം. നിര്‍മ്മാണത്തിനൊപ്പം പരിപാലനത്തിലും അറ്റകുറ്റപണികളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.
നഗരസഭയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തോട് ചേര്‍ന്നുള്ള സ്ഥലത്താണ് ശ്മശാനം നിര്‍മ്മിച്ചത്. ശുചിത്വമിഷന്‍ നല്‍കിയ 50 ലക്ഷം രൂപയും നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 28 ലക്ഷം രൂപയുമാണ് ഇതിനായി ഉപയോഗിച്ചത്. പ്രദേശത്തെ പരമ്പരാഗത പൊതു ശ്മശാനം നിലനിര്‍ത്തിയാണ് ആധുനിക ശ്മശാനം പണിതത്. സ്റ്റീല്‍ ഇന്‍വെസ്റ്റേഴ്‌സ് കേരളയാണ് ഗ്യാസ് ജനറേറ്ററും ഫര്‍ണസും തയ്യാറാക്കിയത്. പ്രത്യേക കെട്ടിടം, ഇന്റര്‍ലോക്ക് ചെയ്ത മുറ്റം, ഷീറ്റ് മേഞ്ഞ മേല്‍ക്കൂര, അനുശോചന യോഗം ചേരാനുനുള്ള വേദി, ഇരിപ്പിടങ്ങള്‍ എന്നിവയും ഒരുക്കിയിരുന്നു. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പയ്യന്നൂരിലെ ഒരു കൂട്ടം കലാകാരന്മാര്‍ ചുമര്‍ച്ചിത്രങ്ങളും വരച്ചു.
ചടങ്ങില്‍ ടി ഐ മധുസൂദനന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി ലളിത, സ്ഥിരസമിതി അധ്യക്ഷന്‍മാരായ സി ജയ, വി ബാലന്‍, വി വി സജിത, ടി വിശ്വനാഥന്‍, ടി പി സെമീറ, കൗണ്‍സിലര്‍ കെ കെ ഫല്‍ഗുണന്‍, നഗരസഭ മുന്‍ ചെയര്‍മാന്‍ അഡ്വ ശശി വട്ടക്കൊവ്വല്‍, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ എ ഗിരാജ്, നഗരസഭ സെക്രട്ടറി എം കെ ഗിരീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി സുരേഷ് കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
No comments
Post a Comment