'വർഗീയ സംഘർഷത്തിനുള്ള ശ്രമം'; കണ്ണൂരിൽ ബിബിസി ഡോക്യുമെന്ററി പ്രദർശനം തടയണമെന്ന് ബിജെപി പരാതി
കണ്ണൂർ: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യന്റെ മാങ്ങാട്ടുപറമ്പിലെ കണ്ണൂർ സർവകലാശാല ക്യാമ്പസിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത്. പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പൊലീസ് ഡോക്യുമെന്ററിയുടെ പ്രദർശനം തടയാൻ തയ്യാറായില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.
ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കെ സുരേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് മതസ്പർദ്ധ വളർത്തുമെന്നാണ് സുരേന്ദ്രൻ പരാതിയിൽ പറയുന്നത്. രാജ്യദ്രോഹ പ്രവർത്തനം മുളയിലേ നുള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദമുണ്ടാക്കാൻ സിപിഎം ബോധപൂർവ്വമായി ശ്രമം നടത്തുകയാണെന്ന് ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചു. രാജ്യത്തെ അപകീർത്തി പെടുത്താനുള്ള ശ്രമമാണിതെന്നും പരസ്യ പ്രദർശനത്തിലൂടെ സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഈ വിഷയത്തിലെ നിലപാട്. ജുഡീഷ്യൽ സംവിധാനത്തേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും അവർ വെല്ലുവിളിക്കുന്നു. ഡിവൈഎഫ്ഐക്ക് വെള്ളക്കാരന്റെ മനസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണ നൽകുകയാണോയെന്ന് ചോദിച്ച എംടി രമേശ്, സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ആയിരിക്കുമെന്നും പറഞ്ഞു.
No comments
Post a Comment