കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാത്രി മണിക്കൂറുകൾ സ്റ്റേഷനും പരിസരവും പരിഭ്രാന്തിയിലായി. ബോംബ് സ്‌ക്വാഡും, ശ്വാന വിഭാഗവും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കണ്ണൂർ സിറ്റി പോലീസ് കൺട്രോൾ മുറിയിൽ തിരുവനന്തപുരത്ത് നിന്ന് മെസേജ് വന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വെച്ചിട്ടുണ്ട് എന്നായിരുന്നു മെസേജ്. ഉടൻ ബോംബ്- ശ്വാന വിഭാഗവും ടൗൺ പോലീസും എത്തി. റെയിൽവേ സുരക്ഷാസേന, റെയിൽവേ പോലീസ് എന്നിവയുമായി ചേർന്ന് പരിശോധന നടത്തി.
സ്റ്റേഷനിലെത്തിയ വണ്ടികളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സ്റ്റേഷനിലെ 'ബോംബ്' തീവണ്ടി ഗതാഗതത്തെ ബാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. ആർ.പി.എഫ്. ഇൻസ്‌പെക്ടർ ബിനോയ് ആന്റണി, എസ്.ഐ. ടി. വിനോദ്, ടൗൺ എസ്.ഐ. കെ. പുരുഷോത്തമൻ, ബോംബ് സ്‌ക്വാഡ് എസ്.ഐ. എം.സി. ജിയാസ് തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ അടിയന്തര സഹായത്തിനുള്ള എമർജൻസി നമ്പറായ 112-ലേക്കാണ് ഫോൺ വിളി വന്നത്. ഇ.ആർ.എസ്.എസ്. (എമർജൻസി റെസ്‌പോൺസ് സപ്പോർട്ട് സിസ്റ്റം) പ്രകാരം കോൾ തിരുവനന്തപുരം സർവറിൽ എത്തി. അവിടെ നിന്ന് കണ്ണൂർ സിറ്റി പോലീസിലേക്ക് മെസേജ് വരികയായിരുന്നു.
112-ലേക്ക് വിളിച്ച മൊബൈൽ നമ്പർ പോലീസ് തിരിച്ചറിഞ്ഞു. ആളെ ചോദ്യം ചെയ്തപ്പോൾ പ്രസ്തുത നമ്പർ കുറച്ച് ദിവസങ്ങളായി വേറൊരാളുടെ കൈയിൽ ആണെന്നാണ് പോലീസിനെ അറിയിച്ചത് എന്നാണ് സൂചന.
No comments
Post a Comment