Header Ads

  • Breaking News

    തലശേരിയിൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ഗവേഷണകേന്ദ്രവും വരുന്നു





    തലശേരി: കേരള കോ – ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ ഫെഡറേഷനു കീഴിൽ തലശേരിയിൽ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടും ഗവേഷണകേന്ദ്രവും ആരംഭിക്കുന്നു. തലശേരി കോളേജ്‌ ഓഫ്‌ നഴ്‌സിങ് ക്യാമ്പസിലാകും പ്രവർത്തനം. ഗവേഷണകേന്ദ്രത്തിന്‌ സർക്കാർ അംഗീകാരവും പ്രാരംഭ പ്രവർത്തനത്തിന്‌ മൂന്നര കോടി രൂപയും ലഭിച്ചു. വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിനുള്ള നടപടി അന്തിമഘട്ടത്തിലാണ്‌. ഇതൊടൊപ്പം പുതിയ പിജി കോഴ്‌സുകൾക്കും അപേക്ഷ നൽകിയിട്ടുണ്ട്‌.

    ഗവേഷണകേന്ദ്രത്തിലൂടെ രോഗ പ്രതിരോധ വാക്‌സിനടക്കം വികസിപ്പിക്കാനും ഭാവിയിൽ കഴിയും. സർക്കാർ അംഗീകാരം ലഭ്യമാകുന്നതോടെ സഹകരണമേഖലയിലെ സംസ്ഥാനത്തെ ആദ്യ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടാകും തലശേരിയിലേത്‌. നിലവിൽ ആലപ്പുഴയിലും തിരുവനന്തപുരം തോന്നയ്‌ക്കലുമാണ്‌ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളുള്ളത്‌. വൈറസ്‌ രോഗങ്ങൾ വ്യാപിച്ചപ്പോൾ പരിശോധനക്ക്‌ ആലപ്പുഴ, തിരുവനന്തപുരം വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടുകളെയാണ്‌ പ്രധാനമായും ആശ്രയിച്ചത്‌.

    എംഎസ്‌സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്‌ട്രി, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി കോഴ്‌സുകൾക്കാണ്‌ അപേക്ഷിച്ചത്‌. നിലവിൽ ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ്ങ്‌ കോഴ്‌സുകളാണ്‌ കോളേജ്‌ ഓഫ്‌ നഴ്‌സിങ്ങിലുള്ളത്‌. കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസിൽ ബാച്ച്‌ലർ ഓഫ്‌ ഫിസിയോതെറാപ്പി, ബിഎസ്‌സി എംഎൽടി, മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്‌ട്രി, മാസ്‌റ്റർ ഓഫ്‌ ഫിസിയോതെറാപ്പി കോഴ്‌സുകളുമുണ്ട്‌. പ്രമുഖ സഹകാരി ഇ. നാരായണന്റെ ശ്രമഫലമായാണ്‌ ഹോസ്‌പിറ്റൽ ഫെഡറേഷനുകീഴിൽ തലശേരിക്കടുത്ത മണ്ണയാട്‌ കോളേജുകൾ ആരംഭിച്ചത്‌.

    No comments

    Post Top Ad

    Post Bottom Ad