വികസനമില്ലാതെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ...
പഴയങ്ങാടി: അവഗണനയുടെ പാളത്തിലാണ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ. മൂന്നരക്കോടിയിലധികം രൂപ വാർഷികവരുമാനമുള്ള സ്റ്റേഷനായിട്ടും വികസനം എത്തിയില്ല. മാടായി, മാട്ടൂൽ, ചെറുതാഴം, ചെറുകുന്ന്, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം, പട്ടുവം പഞ്ചായത്തുകളിലെ കൂടുതൽ പേരും ആശ്രയിക്കുന്നത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനെയാണ്.
എന്നിട്ടും പല ദീർഘദൂര വണ്ടികൾക്കും ഇവിടെ സ്റ്റോപ്പില്ല. കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് മാടായിക്കാവിലേക്ക് ഒട്ടേറെ പേർ എത്തുന്നുണ്ട്.
ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രധാന ആവശ്യമാണ്.
പ്ലാറ്റ്ഫോമുകൾക്ക് മുഴുവനായി മേൽക്കൂരയില്ലാത്തതും വെളിച്ചക്കുറവും തിരിച്ചടിയാണ്. മതിയായ ഇരിപ്പിടമില്ല. പ്ലാറ്റ്‌ഫോമിന്റെ പിറകുവശം കാടുപിടിച്ച നിലയിലാണ്. സ്റ്റേഷനിൽ കംപ്യൂട്ടർ സംവിധാനമുണ്ടെങ്കിലും ഒരു കൗണ്ടർ മാത്രമാണ് ഉള്ളത്. റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ടീ സ്റ്റാൾ അടച്ചിട്ടിട്ട് മാസങ്ങളായി.
നാഗർകോവിൽ- മംഗളൂരു ഏറനാട് എക്സ്പ്രസ്, തിരുവനന്തപുരം -കുർള ലോകമാന്യതിലക് എക്സ്പ്രസ്, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലേക്കുള്ള വണ്ടികൾക്കൊന്നും ഇവിടെ സ്റ്റോപ്പില്ല. ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല.
No comments
Post a Comment