Header Ads

  • Breaking News

    ഏലക്കയിൽ കീടനാശിനി; ശബരിമലയിൽ ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വേണമെന്ന് ഹൈക്കോടതി




    ശബരിമലയിൽ ഭക്ഷ്യസുരക്ഷാ ഓഡിറ്റ് വേണമെന്ന നിർദേശവുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനാണ് ഓഡിറ്റ്. ഏലക്കയിൽ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയത് സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ഉത്തരവ്. ദേവസ്വം കമ്മീഷണർ, ഭക്ഷ്യസുരക്ഷാ കമ്മീഷണർ, കേന്ദ്ര ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർക്കാനും കോടതി നിർദേശം നൽകി.

    ഇതിനിടെ ശബരിമലയിലെ കാണിക്ക സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ തിങ്കളാഴ്ച സമർപ്പിക്കുമെന്ന് ഹൈക്കോടതിയെ അറിയിച്ചു. കാണിക്ക എണ്ണാനായി 479 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഈ മാസം 25നകം കാണിക്ക എണ്ണിത്തീരുമെന്നും ദേവസ്വം വിജിലൻസ് വ്യക്തമാക്കി. ദേവസ്വം വിജിലൻസിനോട് കോടതി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് ഹൈക്കോടതി തിങ്കളാഴ്ച് വീണ്ടും പരിഗണിക്കും. കാണിക്കയിലെ കവറുകളിലെ നോട്ടുകൾ എണ്ണി മാറ്റാത്തതിനാൽ കേടുപാട് ഉണ്ടായെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.

    വലിയതോതിലാണ് ഇത്തവണ കാണിക്ക ലഭിച്ചതെന്നാണ് സ്പെഷ്യൽ കമ്മീഷണർ കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകിയിരിക്കുന്നത്. പുതിയതും പഴയതുമായ ഭണ്ഡാരങ്ങളിൽ കാണിക്ക എണ്ണുന്നുണ്ട്. ജനുവരി 20നാണ് ശബരിമല നട അടയ്ക്കുക. പക്ഷെ, അപ്പോഴും കാണിക്ക എണ്ണി തീരുകയില്ല. സ്ഥലത്തിന്റെ അപര്യാപ്തത കണക്കിലെടുത്ത് അന്നദാന മണ്ഡപത്തിലും നാണയം എണ്ണുന്നുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad