ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന നാണയങ്ങൾ എണ്ണാൻ ആർട്ടിഫിഷ്യൽ ഇന്റലിജന്സ്; ആലോചനയുമായി ദേവസ്വം ബോർഡ്
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന വൻ നാണയ ശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാൻ ആലോചനയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇത് സംബന്ധിച്ച് രണ്ട് പദ്ധതികളുടെ നിർദ്ദേശങ്ങൾ ഇതിനോടകം തന്നെ ബോർഡിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ നിന്നും, മറ്റൊന്ന് കേരളത്തിലെ തന്നെ ഒരു സംരംഭകനിൽ നിന്നുമാണ് പ്രപ്പോസൽ ലഭിച്ചത്.
എഞ്ചിനീയറിംഗ് കോളേജിലെ എഐ വിഭാഗത്തിൽ നിന്നുള്ള സംഘം ഇതിന്റെ ഒരു പ്രാഥമിക രൂപവും പ്രവർത്തനവും വിശദീകരിച്ചതായി ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നൽകാൻ കോളേജിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എല്ലാ നിർദ്ദേശങ്ങളും പരിശോധിച്ച ശേഷം, സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാകും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സംരംഭകനോടും ബോർഡിന് മുന്നിൽ ഇതേകുറിച്ച് പ്രസന്റേഷൻ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനന്തഗോപൻ പറഞ്ഞു. ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള രണ്ട് നിർദ്ദേശങ്ങളും നാണയങ്ങളെ അതിന്റെ മൂല്യമനുസരിച്ച് അടുക്കുന്ന യന്ത്രങ്ങൾക്കുള്ളതാണ്. എണ്ണിത്തിട്ടപ്പെടുത്തൽ പിന്നീട് പ്രത്യേകം നടത്തണം, അതുകൊണ്ട് ജോലി അല്പം ബുദ്ധിമുട്ട് ഉള്ളത് തന്നെ ആയിരിക്കും.
നിലവിൽ ശബരിമലയിൽ നാണയങ്ങൾ വേർതിരിക്കുന്ന മൂന്ന് യന്ത്രങ്ങളാണുള്ളത്. അവ നാണയങ്ങൾ കൂട്ടമായി വേർതിരിക്കുന്നു. വഴിപാട് പെട്ടികളിൽ നിക്ഷേപിച്ചിരിക്കുന്ന അരി, പൂക്കൾ, മടക്കിയ കറൻസികൾ എന്നിവ പോലുള്ള മറ്റ് വസ്തുക്കൾ നീക്കം ചെയ്തുകൊണ്ടാണ് ഈ വേർതിരിക്കാൻ പ്രക്രിയ നടക്കുന്നത്. എന്നാൽ ഇത് നാണയത്തിന്റെ മൂല്യം അനുസരിച്ച് വേർതിരിക്കുന്നില്ല.
ശബരിമലയിലെ ഈ വർഷത്തെ നാണയങ്ങളുടെ എണ്ണൽ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. മുഴുവനായും എണ്ണിത്തീർക്കാൻ ഇനിയും ഒരാഴ്ച കൂടി എടുക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത തീർഥാടന കാലത്തിനു മുമ്പ് പുതിയ യന്ത്രങ്ങൾ സ്ഥാപിക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. ഇതിലൂടെ ധാരാളം മനുഷ്യശേഷി ലാഭിക്കാൻ കഴിയും. നാണയങ്ങൾ വേർതിരിക്കുകയും എണ്ണുകയും ചെയ്യുന്നത് അതീവ ജാഗ്രതയോടെ ചെയ്യേണ്ട ജോലിയാണ്. ജോലി ചെയ്യാൻ യന്ത്രങ്ങൾ ലഭിക്കുന്നത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ ഈ സീസണിലെ നടവരവ് ഇതുവരെ എണ്ണി തിട്ടപ്പെടുത്തിയത് 351 കോടി രൂപയാണ്. നാണയത്തിന്റെ നാലിൽ മൂന്ന് ഭാഗവും ഇനിയും എണ്ണി തിട്ടപ്പെടുത്താൻ ബാക്കിയാണ്. 75 ദിവസമായി ജീവനക്കാർ തുടർച്ചയായി ജോലി ചെയ്തു വരികയാണ്. അവർക്ക് വിശ്രമം ആവശ്യമായതിനാൽ അവധി നൽകുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ബാക്കിയുള്ള നാണയങ്ങൾ എണ്ണുന്നത് ഫെബ്രുവരി 5 മുതൽ പുനരാരംഭിക്കും.
നാണയത്തിന്റെ മൂന്ന് കൂനകളിൽ ഒന്ന് മാത്രമാണ് ഇതുവരെയായി എണ്ണി തീർന്നത്. അതേസമയം നോട്ടുകള്‍ എണ്ണിത്തീർന്നിട്ടുണ്ട്. ഇങ്ങനെ തുടരുകയാണെങ്കിൽ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ഇനിയും രണ്ടുമാസം എടുക്കും. എന്നാൽ ഇതിനിടെ ഡെങ്കിപ്പനി, ചിക്കന്‍പോക്‌സ് എന്നിവ ബാധിച്ച് ചിലർ ചികിത്സയ്ക്കായി പോകുകയും ചെയ്തു. ഈ അവസ്ഥ നാട്ടിലെ ക്ഷേത്രങ്ങളെയും ബാധിച്ചിരിക്കുകയാണ്.
ശബരിമലയില്‍ സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാര്‍ തിരിച്ചെത്താത്തതാണ് നാട്ടിലെ ക്ഷേത്രങ്ങളെ ബുധിമുട്ടിലാക്കിയത്. മിക്കയിടങ്ങളിലും ഉത്സവം നടക്കുകയാണ്. അതിനാല്‍ ശബരിമലയിലേക്കു സ്‌പെഷ്യല്‍ ജോലിക്കുപോയ ജീവനക്കാരെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് അതത് ദേവസ്വം ഓഫീസര്‍മാര്‍ രംഗത്തെത്തിയിരുന്നു.
No comments
Post a Comment