ഭക്ഷ്യസുരക്ഷ വകുപ്പ് അടപ്പിച്ച സ്ഥാപനങ്ങളില്‍ വീണ്ടും പരിശോധന നടത്തും
പഴകിയ ഭക്ഷണം സൂക്ഷിക്കുന്നത് ഉള്‍പ്പെടെ തടയാന്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന ശക്തമാക്കും. അടപ്പിച്ച സ്ഥാപനങ്ങള്‍ വീണ്ടും പ്രത്യേക സംഘം പരിശോധിക്കും. തുടര്‍ന്ന് മുഴുവന്‍ മാനദണ്ഡങ്ങളും പാലിക്കുണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രമെ തുറക്കാന്‍ അനുമതി നല്‍കുവെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷ്ണര്‍ അറിയിച്ചു.
ലൈസന്‍സ് ഇല്ലാതെയോ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെയോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടപ്പിക്കാനാണ് കമ്മീഷണർ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍ പോരായ്മകള്‍ പരിഹരിച്ച സ്ഥാപന ഉടമകള്‍ വീണ്ടും തുറക്കാന്‍ അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ കോമ്പൗണ്ടിംഗ് ഉള്‍പ്പെടെയുളള നടപടി പൂര്‍ത്തിയാക്കിയാണ് തുറക്കാന്‍ അനുമതി നല്‍കുക.
ലൈസന്‍സ് ഇല്ലാത്തതിനാല്‍ മാത്രം പൂട്ടിയ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് രജിസ്‌ട്രേഷന്‍ കരസ്ഥമാക്കിയാല്‍ തുറക്കാം. സ്ഥാപനം ലൈസന്‍സ് കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തും. ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആന്റ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ ട്രെയിനിങ്ങില്‍ പങ്കെടുത്ത് ഒരു മാസത്തിനുള്ളില്‍ ഇത് ഹാജരാക്കണം.
ലൈസന്‍സ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ മൂന്നുമാസത്തിനകം ഹൈജീന്‍ റേറ്റിംഗ് നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ആവര്‍ത്തിച്ച് കുറ്റം ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ ഡെപ്യൂട്ടി കമ്മീഷണറുടെ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തുറക്കാന്‍ അനുവദിക്കു. ആവര്‍ത്തിച്ചുള്ള നിയമലംഘനം കണ്ടെത്താന്‍ പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ജില്ലാ ഓഫീസുകളില്‍ സൂക്ഷിക്കും. വീണ്ടും തുറക്കുന്ന സ്ഥാപനങ്ങളില്‍ രണ്ട് ആഴ്ചയ്ക്കകം പുനപരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷ കമ്മീഷ്ണര്‍ അറിയിച്ചു.
No comments
Post a Comment