ചെറുവത്തൂർ തിമിരിയിൽ ഭക്ഷ്യവിഷബാധ; വിദ്യാർഥികളടക്കം നൂറോളംപേർ ചികിത്സ തേടി
ചെറുവത്തൂർ:തിമിരിയിൽ ദേഹാസ്വാസ്ഥ്യവും ഛർദിയുമുണ്ടായതിനെത്തുടർന്ന് വിദ്യാർഥികൾ ഉൾപ്പെടെ നൂറോളം പേർ ചികിത്സതേടി. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞദിവസം തിമിരി കോട്ടുമൂലയിലെ കളിയാട്ടത്തിൽ ഭക്ഷണം കഴിച്ചിരുന്നതായി ചികിത്സയിലുള്ളവർ പറയുന്നു. 90 പേർ ചെറുവത്തൂർ വി.വി.സ്മാരക ആരോഗ്യകേന്ദ്രത്തിലും മറ്റുള്ളവർ ചെറുവത്തൂർ യൂണിറ്റി, നീലേശ്വരം എൻ.കെ.മെമ്മോറിയൽ, ചീമേനി എന്നീ ആസ്പത്രികളിലുമാണ് ചികിത്സ തേടിയത്.മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂൾ, കൊടക്കാട് വെൽഫേർ യു.പി. സ്കൂൾ, കുട്ടമത്ത് ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ചികിത്സ തേടിയെത്തിയവരിൽ കൂടുതലും. അഞ്ചുപേരെ രാത്രി വൈകി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച വിദ്യാലയങ്ങളിലെത്തിയ കുട്ടികൾക്ക് ഉച്ചയോടെയാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയുമുണ്ടായത്. ആസ്പത്രിയിലെത്തിയവരുടെ രക്തപരിശോധന നടത്തി. ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. എല്ലാവർക്കും പ്രതിരോധമരുന്ന് കുത്തിവെച്ചു. കിടക്ക തികയാത്തതിനാൽ ആസ്പത്രികളിൽ പായവിരിച്ചും മറ്റുമാണ് ആൾക്കാരെ കിടത്തിയിരിക്കുന്നത്
No comments
Post a Comment