Header Ads

  • Breaking News

    പാലുവാങ്ങാൻ പോയി, പിന്നെ കാണാതായി; ആദർശ് മരിച്ചിട്ട് 14 വര്‍ഷം; 13 കാരന്‍റെ മരണം കൊലപാതകം, തെളിവ് പുറത്ത്






    തിരുവനന്തപുരം:പതിനാല് വർഷങ്ങൾക്ക് മുമ്പ് പൊലീസ് മുങ്ങിമരണം എന്ന് വിധിയെഴുതിയ 13 വയസുകാരന്‍റെ മരണം കൊലപാതകം എന്ന് ഉറപ്പിച്ച് ക്രൈം ബ്രാഞ്ച്. മകന്‍റെ മരണം കൊലപാതകം ആണെന്ന മാതാപിതാക്കളുടെ പരാതി തെളിഞ്ഞത് മൃതദേഹ അവശിഷ്ടങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയ്ക്കും അന്വേഷത്തിനുമൊടുവിൽ. ഇനി പിടികൂടേണ്ടത് കുട്ടിയുടെ കൊലയാളിയെ. 2009 ഏപ്രിൽ അഞ്ചിനാണ് തിരുവനന്തപുരം ഭരതന്നൂർ രാമരശ്ശേരി വിജയവിലാസത്തിൽ വിജയകുമാർ ഷീജ ദമ്പതികളുടെ മകൻ ആദർശിനെ വീടിനു സമീപത്തുള്ള വയൽക്കുളത്തിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. 

    വീട്ടിൽ നിന്ന് പാലുവാങ്ങാൻ പോയ കുട്ടി തിരിച്ച് എത്താത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കുളത്തിൽ കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം  കുട്ടിയുടെ തലയ്ക്കും നട്ടെല്ലിനും ക്ഷതം ഏറ്റിട്ടുണ്ടെന്ന് പൊലീസിന് റിപ്പോർട്ട് കൈമാറിയിരുന്നു. എന്നാൽ ഇത് കുളത്തിൽ വീണപ്പോൾ ഉണ്ടായത് ആണെന്ന് വിധിയെഴുതി പൊലീസ് കുട്ടിയുടെ മരണം മുങ്ങി മരണമാക്കി കേസവസാനിപ്പിച്ചു. പക്ഷേ പൊലീസിന്റെ ഈ റിപ്പോർട്ട് അപ്പാടെ തള്ളിയ കുടുംബവും നാട്ടുകാരും കുട്ടിയുടെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കർമ്മ സമിതി രൂപീകരിച്ചു

    തുടർന്ന് ഇവരുടെ ആവശ്യപ്രകാരം കേസ് അന്വേഷണം 2010ൽ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പൊലീസിന്‍റെ റിപ്പോർട്ട് അപ്പാടെ അവഗണിച്ച ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കുളം വറ്റിക്കുകയും തുടർന്ന് ക്ഷതം കേൾക്കാൻ പാകത്തിന് കുളത്തിൽ കല്ലുകൾ ഉണ്ടോ എന്ന് നടത്തിയ പരിശോധനയിൽ അത്തരത്തിൽ കല്ലുകൾ ഒന്നും കണ്ടെത്തിയിരുന്നില്ല. പക്ഷേ കുളത്തിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ഒരു മൺവെട്ടിക്കൈ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തിരുന്നു.  

    ആദർശിന്റെ രക്തംപുരണ്ട വസ്ത്രങ്ങളും കുളത്തിനു സമീപത്തുനിന്നു കിട്ടിയിരുന്നു. ഇതോടെ കുട്ടിയെ മറ്റെവിടെയോവെച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കുളത്തിൽ തള്ളിയതാകാം എന്ന് ക്രൈംബ്രാഞ്ച് നിഗമനത്തിൽ എത്തിയിരുന്നു. ഇത് സ്ഥിരീകരിക്കുന്നതിനായി കുട്ടിയുടെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തണമെന്ന് ആവശ്യം ക്രൈം ബ്രാഞ്ച് മുന്നോട്ടുവച്ചു. ഇതിന് അനുമതി ലഭിച്ചതോടെ 2019 ഒക്ടോബർ 14ന് ആദർശിന്റെ ശവക്കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് റിപോസ്റ്റ്മോർട്ടം നടത്തി. ഇതിലും കുട്ടിയുടെ തലയോട്ടി തകർന്നിരുന്നെന്നും നട്ടെല്ലിനു ക്ഷതമേറ്റന്നും കണ്ടെത്തി. നിർണായകമായത് കുട്ടിയുടെ ശ്വാസകോശത്തിൽ കുളത്തിലെ വെള്ളമില്ലായിരുന്നു എന്ന റിപ്പോർട്ടാണ്. 

    ആന്തരിക അവയവങ്ങൾ ചുരുങ്ങിയത് ക്ഷതമേറ്റാണെന്നും ഉറപ്പിക്കുന്നതാണ് മുൻ ഫോറൻസിക് മേധാവി ഡോ. ശശികല നൽകിയ റിപ്പോർട്ട്. ഇതോടെ തങ്ങളുടെ കണ്ടെത്തലുകൾ ശരിവെച്ച് സംഘം കുട്ടിയുടെ മരണം കൊലപാതകം എന്ന് സ്ഥിരീകരിച്ചു. ഇനി കണ്ടെത്തേണ്ടത് ആദർശിൻ്റെ കൊലപാതകിയാണ്. പൊലീസ് വീഴ്ചയിൽ കഴിഞ്ഞ 14 വർഷമായി കൊലയാളി സമൂഹത്തിൽ ഇപ്പോഴും വിലസി നടക്കുകയാണ്. സംസ്ഥാന പൊലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാത്തതിനാൽ സിബിഐ അന്വേഷണത്തിന് അപേക്ഷ നൽകാൻ ഒരുങ്ങുകയാണ് ആദർശിന്റെ മാതാപിതാക്കൾ. 


    No comments

    Post Top Ad

    Post Bottom Ad