Header Ads

  • Breaking News

    ചാണ്ടി ഷമീം 24 കേസുകളിൽ പ്രതി, ലഹരിക്കടിമ



    വളപട്ടണം : വളപട്ടണം പൊലീസ് സ്‌റ്റേഷൻ വളപ്പിലെ വാഹനങ്ങൾ തീയിട്ട് നശിപ്പിച്ച കേസിലെ പ്രതി ചാണ്ടി ഷമീമിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ വലയിലാക്കിയത്‌ പടുതടച്ച നീക്കത്തിലൂടെ. ലഹരി ഉപയോഗത്തിലൂടെ പ്രത്യേക മനോനിലയിലുള്ള പ്രതിയെ ബലപ്രയോഗത്തിലൂടെയാണ്‌ പൊലീസ്‌ കീഴക്കിയത്‌. 24 കേസാണ്‌ ഇയാൾക്കെതിരെ വിവിധ സ്‌റ്റേഷനുകളിലുള്ളത്‌. 
     
    വളപട്ടണം പൊലീസ് സ്റ്റേഷനിൽ തീപിടിത്തമുണ്ടായെന്ന വാർത്ത പരന്നതിന് പിന്നാലെ സ്റ്റേഷനിലെത്തിയവർ കണ്ടത്‌ ചാണ്ടി ഷമീമെന്ന കൊടുംകുറ്റവാളിയുടെ ക്രൂരകൃത്യമാണ്. വധശ്രമക്കേസിൽ പ്രതിയായതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സ്വന്തം വാഹനത്തിന് തീയിട്ട് പൊലീസുകാരെ അപായപ്പെടുത്താനും സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഇയാൾ ശ്രമിച്ചത്. വാഹനങ്ങളിൽനിന്ന്‌ തീ സ്റ്റേഷനിലേക്ക് പടർന്നിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. 
     
    വധശ്രമം, കഞ്ചാവ് കടത്ത്, യാത്രക്കാരനെ തട്ടിക്കൊണ്ടുപോകൽ ക്വട്ടേഷനുൾപ്പടെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 24 കേസുകൾ ഷമീമിന്റെ പേരിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽപ്പെട്ട് കിടക്കുന്ന നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും കോമ്പൗണ്ടിലുണ്ടായിരുന്നു. ഇതിലേക്കൊന്നും തീപടരാതെ അ​ഗ്നിരക്ഷാസേനയും പൊലീസും അവസരോചിതമായി ഇടപെട്ടതിനാലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.  

    സ്റ്റേഷന് പിറകിൽ ക്യാമറയുണ്ടാവില്ലെന്ന വിശ്വാസത്തിലാണ് പ്രതി തീയിടാനെത്തിയത്. എന്നാൽ പിറകുവശത്തുണ്ടായിരുന്ന ക്യാമറയിൽ ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടിയത്. ഫോൺ കോളുകൾ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ ചൊവ്വാഴ്ച രാവിലെ പത്തോടെ പ്രതി കോട്ടക്കുന്നിന് സമീപത്തുണ്ടെന്ന് വ്യക്തമായി. പൊലീസെത്തുമ്പോൾ കൂസലില്ലാതെ റോഡിൽ നിൽക്കുകയായിരുന്നു. കൂടുതൽ പൊലീസെത്തിയതോടെ പ്രതി സമീപത്തെ ഇരുനില കെട്ടിടത്തിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ പൊലീസ് സാഹസികമായാണ് ഇയാളെ കീഴ്പെടുത്തിയത്. പൊലീസുകാരെ ഇയാൾ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. സി.പി.ഒ.മാരായ ലവൻ, കിരൺ, സന്ദീജ് എന്നിവർക്ക് പരിക്കേറ്റു.  
     
    നിരവധി കേസിൽ പ്രതിയായതിനാൽ നേരത്തെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. കാപ്പ കാലാവധി കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിച്ചെത്തിയ ഷമീമിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആശാരിക്കമ്പനിക്കടുത്ത വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസെത്തിയിരുന്നു. ഇതിൽ പ്രകോപിതനായാണ് തിങ്കളാഴ്ച രാവിലെ ഷമീം സഹോദരൻ ഷംഷീനുമായി സ്റ്റേഷനിലെത്തി തർക്കിച്ചത്. സഹോദരനെ അറസ്റ്റ് ചെയ്തപ്പാേൾ അവിടെനിന്ന്‌ കടന്നു. ഇതിന് പിന്നാലെ സഹോദരനെ തൊട്ടവരുടെ കൈ താൻ വെട്ടും അത് ഏത് പൊലീസായാലുമെന്ന് ഫേസ് ബുക്കിൽ കുറിച്ചു. പോസ്റ്റിട്ടതിന് പിന്നാലെയാണ് സ്റ്റേഷനിലെത്തി ജീപ്പിന് തീയിട്ടത്. 
     
    എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ രഞ്ജിത്ത്, നിധിൻ, സി.പി.ഒ.മാരായ വിൽസൺ, ബിനോയ്, സനൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

    No comments

    Post Top Ad

    Post Bottom Ad