ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം
ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, ഫിലോസഫി എന്നീ ബിരുദ കോഴ്‌സുകളിലേക്കും ഹിസ്റ്ററി, സോഷ്യോളജി ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം പാസായവര്‍ക്ക് ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ആദ്യ സെമസ്റ്ററില്‍ 3,830 രൂപയും തുടര്‍ന്ന് രണ്ട് മുതല്‍ ആറ് വരെ സെമസ്റ്ററുകളില്‍ 2,760 രൂപ വീതവുമായി മൊത്തം 17,630 രൂപയാണ് ഫീസ്.
അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയതതില്‍ ബിരുദം നേടിയവര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം. ആദ്യ സെമസ്റ്ററില്‍ 4,570 രൂപയും തുടര്‍ന്ന് രണ്ട് മുതല്‍ നാല് വരെ സെമസ്റ്ററുകളില്‍ 3,400 രൂപ വീതവുമായി മൊത്തം 14,770 രൂപയാണ് ഫീസ്. ഇ ഗ്രാന്‍സ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ബിരുദ കോഴ്‌സിന് 1070 രൂപയും ബിരുദാനന്തര ബിരുദ കോഴ്‌സിന് 1170 രൂപയും ഫീസ് അടച്ചാല്‍ മതി.
വിവിധ രീതികള്‍ യോജിപ്പിച്ചുള്ള പഠനസമ്പ്രദായമാണ്. സ്വയംപഠനത്തിനുള്ള സാമഗ്രികള്‍ എത്തിച്ചുതരും. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിയോ വിഷ്വല്‍ സാമഗ്രികളും ഓണ്‍ലൈന്‍ ലൈബ്രറി സൗകര്യവുമുണ്ട്.
കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകിലുള്ളവര്‍ക്ക് തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ്, വയനാട് എന്‍.എം.എസ് കോളേജ്, കാസര്‍കോട് ഗവ. കോളേജ് എന്നിവയിലൊന്ന് പഠനസഹായകേന്ദ്രമായി തെരഞ്ഞെടുക്കാം. ഓണ്‍ലൈനായി www.sgou.ac.in ല്‍ അപേക്ഷിക്കാം.
No comments
Post a Comment