ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്; ഇന്ന് നാല് ജില്ലകളിൽ വേനൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും ഉയർന്നു. കോട്ടയം ജില്ലയിൽ താപനില ഉയർന്ന് 38 ഡിഗ്രി സെൽഷ്യസ് ആയി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. പുനലൂരിൽ 37.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ഏഴ് ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട് രേഖപ്പെടുത്തിയതായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (സിഡബ്ല്യുആർഡിഎം) പഠനത്തിൽ കണ്ടെത്തി.
ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരി ചൂടിൽ 0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ് വരെയാണ് വർധന. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചൂട് മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുന്നത്. ആലപ്പുഴ ജില്ലയിലാണ് കൂടുതൽ വർധന. 1.6 ഡിഗ്രി സെൽഷ്യസ് വർധനവാണ് ആലപ്പുഴയിലുണ്ടായത്. കാലാവസ്ഥാവ്യതിയാനമാണ് താപനില വർധനയ്‌ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വരും മാസങ്ങളിലും വർഷങ്ങളിലും ചൂട് കൂടാനും വരൾച്ചയുണ്ടാകാനും സാധ്യതയുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് പ്രതീക്ഷിച്ച വേനൽ മഴ ഇനിയും ലഭിച്ചിട്ടില്ല. ഇന്ന് കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയ മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
No comments
Post a Comment