Header Ads

  • Breaking News

    മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് പുനരാരംഭിക്കും; പുതിയ ടൂറിസ്റ്റ് ബോട്ട് ഉടൻ എത്തും




    മാട്ടൂൽ : സംസ്ഥാന ജലഗതാഗത വകുപ്പ് നടത്തിവന്ന മാട്ടൂൽ– പറശ്ശിനിക്കടവ് ബോട്ട് സർവീസ് പുനരാരംഭിക്കും. അറ്റകുറ്റപ്പണി നടത്തുന്ന ബോട്ട് നന്നാക്കും വരെ കാത്തിരിക്കാതെ പുതിയ ടൂറിസ്റ്റ് ബോട്ടാണ് ഇവിടെ സർവീസിന് എത്തുക. ഇത് അടുത്ത ദിവസം മുനമ്പത്ത് നിന്ന് പുറപ്പെടും. കൊച്ചിയിൽ നിന്ന് കടൽ മാർഗം അഴീക്കൽ തുറമുഖത്ത് എത്തിക്കാനാണ് സംസ്ഥാന ജലഗതാഗത വകുപ്പ് പദ്ധതി. മാട്ടൂൽ, പറശ്ശിനിക്കടവ് ബോട്ട് സർവീസ് നിലച്ചിട്ട് 58 ദിവസം കഴിഞ്ഞിട്ടും സർവീസ് പുനരാരംഭിക്കാത്തതിന് എതിരെ ജനരോഷം ഉയർ‍ന്നിരുന്നു. പിന്നാലെയാണ് പുതിയ ടൂറിസ്റ്റ് ബോട്ട് മാട്ടൂൽ - പറശ്ശിനിക്കടവ് റൂട്ടിൽ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. 

    ബോട്ട് സർവീസ് പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾ രംഗത്തിറങ്ങിയിരുന്നു. 85 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന എസ് 26 എന്ന ടൂറിസ്റ്റ് ബോട്ടാണ് സർവീസ് നടത്തുക. ജനുവരി 26ന് യാതൊരു മുന്നറിയിപ്പുകളും കൂടാതെയാണ് ലാഭകരമായി നടക്കുന്ന ബോട്ട് സർവീസ് നിർത്തിയത്. ഈ റൂട്ടിൽ സർവീസ് നടത്തിക്കൊണ്ടിരുന്ന എസ്.37 എന്ന ബോട്ടാണ് സർവീസ് നിർത്തിയത്.
    അറ്റകുറ്റ പണിയുടെ പേരിലാണ് സർവീസ് നിർത്തിയതെന്ന് അധികൃതർ പറയുമ്പോൾ 58 ദിവസമായി നിലച്ച സർവീസ് അടുത്തൊന്നും തുടങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. 

    രാവിലെ 9.30ന് പറശ്ശിനിക്കടവിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബോട്ട് മാങ്കടവ്, പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശ്ശേരി, അഴീക്കോട് എന്നിവിടങ്ങളിൽ പോയ ശേഷമാണ് മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിൽ എത്തുന്നത്. തുടർന്ന് 11.45ന് തിരിച്ച് പറശ്ശിനിക്കടവിലേക്ക് പുറപ്പെടും. യാത്രാ ബോട്ടാണ് ഇതുവരെ സർവീസ് നടത്തിയതെങ്കിൽ ടൂറിസം രംഗത്ത് ഈ ജലപാതയ്ക്കും പറശ്ശിനിക്കടവിനും അനന്ത സാധ്യതകൾ ഉളളതിനാലാണ് ഇവിടേക്ക് ആധുനിക ടൂറിസ്റ്റ് ബോട്ട് തന്നെ സർവീസിനിറക്കാൻ തീരുമാനിച്ചത്.

    No comments

    Post Top Ad

    Post Bottom Ad