വൈദ്യുതി ബില്‍ കുടിശ്ശിക: ഉച്ചയ്ക്ക് മുമ്പ് മാത്രമേ വൈദ്യുതി ബന്ധം വിച്ഛേദിക്കൂ; വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം
കൃത്യസമയത്ത് ബില്‍ അടക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് പ്രവൃത്തിദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണിവരെ മാത്രമായി പരിമിതപ്പെടുത്തണമെന്നും വിവരം ഉപഭോക്താവിനെ അറിയിച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചു.
കൊല്ലം ആശ്രമം ഗ്രൗണ്ടിന് സമീപം യുവസംരംഭകന്‍ രോഹിത് എബ്രഹാം ആരംഭിച്ച ഐസ്ക്രീം പാര്‍ലറിലെ വൈദ്യുതി ബന്ധം മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. രോഹിത് ഐസ്ക്രീം പാര്‍ലര്‍ തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിലെ കട നടത്തിയിരുന്ന അന്‍സാരിയുടെ മൊബൈല്‍ ഫോണിലേക്കാണ് എസ്‌എംഎസ് അയച്ചതെന്ന് കെഎസ്‌ഇബി അധികൃതര്‍ വിശദീകരിച്ചു.
സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളിലെയും വീടുകളിലെയും ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത് ഒഴിവാക്കാനാണ് ഉത്തരവ്. വാട്ട്‌സ്‌ആപ്പ് ചാറ്റ്ബോട്ട് സംവിധാനം വഴിയും സന്ദേശങ്ങള്‍ കൈമാറും. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പർ വഴി ഉപഭോക്താവിനെ വിവരം അറിയിക്കും. കുടിശ്ശിക അടച്ചാല്‍ ഉടന്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെന്നും യോഗം നിര്‍ദേശിച്ചു.ചൊവ്വാഴ്‌ച സെക്രട്ടേറിയറ്റില്‍ വൈദ്യുതി മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കെഎസ്‌ഇബി ചെയര്‍മാന്‍ രാജന്‍ ഖോബ്രഗഡെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
No comments
Post a Comment