Header Ads

  • Breaking News

    കണ്ണൂർ വളക്കൈയിൽ തേൻ മ്യൂസിയം ഒരുങ്ങുന്നു; ഏപ്രിലിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും, പ്രവേശനം സൗജന്യം





    കണ്ണൂർ : കേരളത്തിലെ രണ്ടാമത്തെ ‘ഹണി മ്യൂസിയം’ വളക്കൈയിൽ ഒരുങ്ങുന്നു. തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാൻ തേനീച്ചവളർത്തലിൽ താത്പര്യമുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് മ്യൂസിയം ഒരുക്കുന്നത്.

    വളക്കൈയിലെ മലബാർ ഹണി ആൻഡ് ഫുഡ് പാർക്കിന്റെ കീഴിൽ 5000 ചതുരശ്രയടിയിലൊരുങ്ങുന്ന തേൻമ്യൂസിയത്തിൽനിന്ന് തേനീച്ചവളർത്തലിന്റെ ചരിത്രം നേരിട്ട് മനസ്സിലാക്കാൻ സാധിക്കും. വിജ്ഞാനവും കൗതുകവും ഒരുപോലെ സമ്മാനിക്കുന്ന അനുഭവമാണ് കാഴ്ചക്കാർക്ക് മ്യൂസിയത്തിൽനിന്ന് ലഭിക്കുക.

    പലതരം തേനീച്ചപ്പെട്ടികളും തേൻ ശേഖരണത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പലവിധ തേനുകളും തേനീച്ചക്കൂടുകളും ഇവിടെ പ്രദർശിപ്പിക്കും. തേനീച്ചകളുടെ ജീവിതശൈലിയും മറ്റു വിശേഷങ്ങളും മനസ്സിലാക്കാനും മ്യൂസിയം അവസരമൊരുക്കും.

    തേൻ ഉപയോഗിക്കേണ്ട രീതി, തേനീച്ചകളുടെ തേൻശേഖരണ പ്രക്രിയ, തേനിന്റെ സംസ്കരണരീതികൾ തുടങ്ങി എല്ലാ തേനറിവുകളും ഇവിടെനിന്ന് ലഭിക്കും. ഗുണനിലവാരം കുറഞ്ഞ തേനും വ്യാജ തേനും തിരിച്ചറിയാനുള്ള സഹായവും നൽകും

    തേനീച്ചയുടെ കൂറ്റൻ പ്രതിമയോടെയാണ് മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ഏപ്രിലിൽ മ്യൂസിയം ജനങ്ങൾക്കായി തുറന്നു കൊടുക്കും. പ്രവേശനം സൗജന്യമാണ്.

    No comments

    Post Top Ad

    Post Bottom Ad