അങ്ങാടിക്കടവിൽ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിയടക്കം നാലുപേർക്ക് പരിക്ക്; എസ് എസ് എൽ സി പരീക്ഷ എഴുതാനാവാതെ വിദ്യാർത്ഥി
ഇരിട്ടി: അങ്ങാടിക്കടവിൽ കാട്ട് തേനീച്ചയുടെ കുത്തേറ്റ് എസ് എസ് എൽ സി വിദ്യാർത്ഥിക്ക് ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ അങ്ങാടിക്കടവ് സ്‌കൂളിലെ എസ് എസ് എൽ സി വിദ്യാർത്ഥി സ്വർണ്ണപ്പള്ളി ഹൗസിൽ ആൽബിൻ ജോർജ്ജിന് പരീക്ഷയെഴുതാനായില്ല. വെള്ളിയാഴിച്ച രാവിലെയായിരുന്നു സംഭവം. പരീക്ഷ എഴുതാനായി അങ്ങാടിക്കടവ് ഹയർസെക്കൻഡറി സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ തേനീച്ച ക്കൂട്ടം ആൽബിനെ ആക്രമിക്കുകയായിരുന്നു. ആൽബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വന്ന അങ്ങാടിക്കടവ് വിൻസെന്റ് ഡീപോൾ സൊസൈറ്റി ആംബുലൻസിന്റെ ഡ്രൈവർ ഷിജു മാത്യു (42) നേയും തേനീച്ചകൂട്ടം അക്രമിച്ചു. ആംബുലൻസിൽ നിന്നും പുറത്തിറങ്ങിയ ഉടൻ തേനീച്ചക്കൂട്ടം ആക്രമിച്ചതോടെ ഷിജു ഓടി ആംബുലൻസിൽ തിരികെ കയറിയെങ്കിലും ആംബുലൻസിനകത്തുവെച്ചും തേനീച്ചകൾ ആക്രമിക്കുകയായിരുന്നു. ആംബുലൻസ് ചുമതലക്കാരൻ സിബി പിഡിയേക്കൽ സ്ഥലത്തെത്തിയാണ് ഇതേ ആംബുലൻസിൽ ആൽബിനെയും ഷിജുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. മുഖമാസകലം കുത്തേറ്റ അബോധാവസ്ഥയിലായ ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരെക്കൂടാതെ പ്രദേശവാസിയായ പീടികയിൽ ഔസേപ്പച്ചനും മകനും തേനീച്ചയുടെ കുത്തേറ്റിരുന്നു.
No comments
Post a Comment