Header Ads

  • Breaking News

    കെട്ടിടനിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കും; മറ്റു സംസ്ഥാനങ്ങളിൽ കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയെന്ന് മന്ത്രി





    തിരുവനന്തപുരം: സംസ്‌ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് ഏപ്രിൽ ഒന്ന് മുതൽ വർധിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എംബി രാജേഷ്. എത്ര വർധനവ് ഉണ്ടാകുമെന്ന് തീരുമാനമായിട്ടില്ല. മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ ഫീസ് കുറവാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നിരക്ക് കൂട്ടുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ലഭ്യമാക്കും. വീട് ഉൾപ്പെടെ 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട കെട്ടിടനിർമാണങ്ങൾക്കാണ് ഈ സൗകര്യമെന്നും മന്ത്രി പറഞ്ഞു.

    സ്വയം സാക്ഷ്യപ്പെടുത്തുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും അനുമതി നല്‍കുന്നത്. പല തലങ്ങളിലുള്ള പരിശോധനയും കാലതാമസവും തടസങ്ങളും ഇതുമൂലം ഒഴിവാക്കാൻ കഴിയും. അഴിമതിയും ഇല്ലാതാക്കാം. കെട്ടിട ഉടമസ്ഥരുടെയും, കെട്ടിട പ്ലാൻ തയാറാക്കുകയും സുപ്പർവൈസ് ചെയ്യുകയും ചെയ്യുന്ന ലൈസൻസി/ എംപാനൽഡ് എഞ്ചിനീയർമാരുടെയും സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷ നൽകുന്ന ദിവസം തന്നെ സിസ്റ്റം ജനറേറ്റഡ് പെർമിറ്റ് ലഭിക്കും. തീരദേശ പരിപാലനനിയമം, തണ്ണീർത്തട സംരക്ഷണ നിയമം തുടങ്ങിയവ ബാധകമായ മേഖലകളിലല്ല കെട്ടിടനിർമാണമെന്നും കെട്ടിട നിർമാണ ചട്ടം പൂർണമായും പാലിക്കുന്നുണ്ടെന്നുമുള്ള സത്യവാങ്‌മൂലം അപേക്ഷയിൽ നൽകണമെന്നും മന്ത്രി പറഞ്ഞു.

    അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ പൂർണവും യാഥാർത്ഥവുമാണെങ്കിൽ മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ. യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചാണ് പെർമിറ്റ് നേടിയതെന്ന് തെളിഞ്ഞാൽ പിഴ, നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം ഉടമ സ്വന്തം ചെലവിൽ പൊളിച്ചുനീക്കൽ, എംപാനൽഡ് ഏജൻസികളുടെ ലൈസൻസ് റദ്ദാക്കൽ എന്നീ നടപടികൾ ഉണ്ടാകും. നഗരസഭകളിൽ നടപ്പാക്കിയതിന്റെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തിൽ അടുത്ത ഘട്ടമായി ഗ്രാമപഞ്ചായത്തുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും എം.ബി രാജേഷ് പറഞ്ഞു.

    2023 ഏപ്രിൽ ഒന്ന് മുതൽ നഗരസഭകളിൽ വീടുകളടക്കമുള്ള ചെറുകിട കെട്ടിടങ്ങളുടെ പെർമിറ്റ് ലഭിക്കുന്നതിന് ഉദ്യോഗസ്ഥതല പരിശോധന പൂർണമായും ഒഴിവാക്കും. പെർമിറ്റ് ലഭിക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന പരാതികളും അഴിമതിയുടെ സാധ്യതകളും ഇതോടെ ഇല്ലാതാകും. പുതിയ രീതി വഴി എൻജിനീയറിങ് വിഭാഗത്തിന് പദ്ധതി പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കാനും കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

    പെർമിറ്റ് ഫീസിൽ യുക്തിസഹമായ വർധനവ് വരുത്തും. നിരക്ക് പിന്നീട് നിശ്ചയിക്കും. വിവിധ സംസ്ഥാനങ്ങളിലെ കെട്ടിടനിർമാണ പെർമിറ്റ് ഫീസ് കേരളത്തിലുള്ളതിന്റെ എത്രയോ ഇരട്ടിയാണ്. കേരളത്തിലാകട്ടെ, കാലാനുസൃതമായി ഇത് വർധിപ്പിച്ചിട്ടില്ല. വേഗത്തിലും സുഗമമായും സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആവശ്യമായ സാങ്കേതികസംവിധാനത്തിനായി ന്യായമായ ഫീസ് ആയിരിക്കും ഈടാക്കുക. പൗരന്റെ സമയം വിലപ്പെട്ടതാണ്. നഷ്ടപ്പെടുന്ന സമയം യഥാർത്ഥത്തിൽ സാമ്പത്തികനഷ്ടം കൂടിയാണ്. ആ അർത്ഥത്തിൽ സാമ്പത്തികവളർച്ചക്കുള്ള അനിവാര്യ ഘടകമാണ് യഥാസമയം സേവനം ലഭിക്കുകയെന്നത്. ഈ കാഴ്ചപ്പാടോടെയാണ് ഈ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരാൻ സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

    പൊതുജനങ്ങള്‍ക്ക് ബോധവത്കരണം- ചട്ടങ്ങള്‍ പൂര്‍ണതോതിൽ പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മ്മാണം നടത്താൻ പൊതുജനങ്ങള്‍ക്ക് വിപുലമായ ബോധവത്കരണ പരിപാടിയും ഇതോടൊപ്പം തീരുമാനിച്ചിട്ടുണ്ട്. സിആര്‍സെഡ്, തണ്ണീർത്തടങ്ങള്‍ തുടങ്ങിയവ എവിടെയൊക്കെയാണെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളെക്കുറിച്ചുള്ള ധാരണയും ജനപ്രതിനിധികളെയും പൊതുജനങ്ങളെയും പഠിപ്പിക്കാനുള്ള പ്രവര്‍ത്തനവും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

    ഏപ്രിൽ ഒന്നുമുതൽ കെട്ടിടങ്ങളുടെ നിലവിലുള്ള വസ്തുനികുതി 5% വര്‍ധിപ്പിക്കാനുള്ള നിയമഭേദഗതി ഇതിനകം നിയമസഭ പാസാക്കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പുതിയ നിരക്കുകള്‍ ബാധകമായിരിക്കും. ഇതോടൊപ്പം അര്‍ഹതപ്പെട്ടവര്‍ക്ക് ഇളവുകളും നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ 30 ചതുരശ്ര മീറ്റര്‍ വരെ ബിപിഎൽ വിഭാഗങ്ങള്‍ക്ക് മാത്രമായിരുന്നു നികുതിയിളവ്. ഇനി സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന 60 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്ക് വസ്തുനികുതി അടയ്ക്കേണ്ടതില്ല. ഈ ഇളവ് ഫ്ലാറ്റുകള്‍ക്ക് ബാധകമല്ല. നികുതി ചോര്‍ച്ച തടയുന്നതിനും ഓരോ കെട്ടിടത്തിനും വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും വിപുലമായ പരിശോധന നടത്തും. ഇതനുസരിച്ച് നികുതി പുതുക്കി നിശ്ചയിക്കും. അനധികൃത നിര്‍മ്മാണം പരിശോധനയിൽ കണ്ടെത്തിയാൽ അനധികൃത ഭാഗത്തിന് മൂന്നിരട്ടി നികുതി ചുമത്തും, നടപടിയും സ്വീകരിക്കും. 1500 ചതുരശ്ര അടി വരെയുള്ള വീടുകളെ മൂന്നിരട്ടി വസ്തുനികുതി ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് അറിയിച്ചു.


    No comments

    Post Top Ad

    Post Bottom Ad