കാണാതായ ഭാര്യയെ തേടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ഭർത്താവ് ഏഴാം ദിവസം പോലീസ് പിടിയിൽ
കട്ടപ്പന: കാഞ്ചിയാറിൽ പ്രീ-പ്രൈമറി അധ്യാപികയായ അനുമോളെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് വിജേഷ് പിടിയിലാകുന്നത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഏഴാം ദിവസം. അനുമോളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കളോടൊപ്പം വിജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. മാർച്ച് 21 ചൊവ്വാഴ്ച അനുമോളുടെ മാതാപിതാക്കളും സഹോദരനും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി.
കുമളിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ വനമേഖലയിൽ നിന്നാണ് കുമളി സിഐ സംഘവും വിജേഷിനെ പിടികൂടിയത്. വിജേഷിന്റെ മൊബൈൽ ഫോൺ ഏതാനും ദിവസങ്ങൾക്കു മുൻപ് വനമേഖലയിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ടവർ ലൊക്കേഷൻ ഉപയോഗിച്ച് പിടിക്കപ്പെടാതിരിക്കുന്നതിനാണ് വിജേഷ് മൊബൈൽ വനത്തിൽ ഉപേക്ഷിച്ചത്. ഏക മകളെ ബന്ധുവീട്ടിൽ ഏൽപ്പിച്ച ശേഷമാണ് വിജേഷ് ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു. കട്ടപ്പന ഡി വൈ എസ് പി വിഎ നിഷാദ് മോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് വിശ്വസിപ്പിച്ചു
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. 17ന് സ്കൂളിലെത്തിയ യുവതി പിറ്റേദിവസം നടക്കാനിരിക്കുന്ന സ്‌കൂൾ വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ സ്കൂളിലെത്തിയില്ല. അതിനിടെ ഭാര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ദമ്പതികൾ വീട്ടിലെത്തിയെങ്കിലും ഫിലോമിന കിടപ്പുമുറിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ വിജേഷ് തന്ത്രപൂർവം തടയുകയായിരുന്നു. ഇതിന് പിന്നാലെയാണ് അനുമോളുടെ മാതാപിതാക്കൾക്കൊപ്പം ഇക്കഴിഞ്ഞ ഞായറാഴ്ച വിജേഷ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
അതിനുശേഷം ഏകമകളെ വിജേഷ് വെങ്ങാലൂർക്കടയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. ഇതിനിടെ അനുമോളുടെ ഫോണിലേക്ക് മാതാപിതാക്കളും സഹോദരനും വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാർ വിളിച്ചപ്പോൾ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ മാതാപിതാക്കൾ ചൊവ്വാഴ്ച സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചശേഷം വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടിൽ എത്തി. വീട് പൂട്ടിയിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടത്. പരിശോധനയ്ക്കിടെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടത്.
ഭാര്യയുടെ ഫോൺ വിറ്റ കാശുമായി ഒളിവിൽ പോയി
മാർച്ച് 19 ഞായറാഴ്ച അനുമോളുടെ മൊബൈല്‍ ഫോണ്‍ വിറ്റുകിട്ടിയ കാശുമായാണ് ബിജേഷ് ഒളിവിൽ പോയത്. കാഞ്ചിയാര്‍ വെങ്ങാലൂര്‍ക്കട സ്വദേശിയായ ഒരാള്‍ക്കാണ് ബിജേഷ് അയ്യായിരം രൂപയ്ക്ക് ഫോണ്‍ വിറ്റത്. അനുമോളുടെ ഫോണും പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഞായറാഴച രാവിലെ കട്ടപ്പന ബെവ്‌കോ ഔട്ട് ലെറ്റിനു സമീപത്ത് വച്ചാണ് പ്രതിയുടെ പക്കല്‍ നിന്നും അയ്യായിരം രൂപയ്ക്ക് ഫോണ്‍ വാങ്ങിയതെന്ന് വെങ്ങാലൂര്‍ക്കട സ്വദേശി പൊലീസിനോട് പറഞ്ഞു.
തലയ്ക്കു ക്ഷതമേറ്റു രക്തം വാർന്നാണ് അനുമോൾ മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതോടെ ഭർത്താവ് വിജേഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കുമളി അട്ടപ്പള്ളത്തിനു സമീപം തമിഴ്നാട് അതിർത്തിയിലെ വനത്തിൽ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം കുമളി ബസ് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വിജേഷ് തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് വ്യക്തമായി.
എന്നാൽ കൈവശം ഫോൺ ഇല്ലാത്തതുകൊണ്ട് വിജേഷിനെ പിന്തുടരാൻ പൊലീസിന് സാധിച്ചില്ല. ഇതോടെ അന്വേഷണസംഘം ഇയാളുടെ ബന്ധുക്കളുമായും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തി വരികയായിരുന്നു. വിജേഷ് ബന്ധപ്പെട്ടാൽ വിവരം അറിയിക്കാൻ പൊലീസ് ഇവർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.
അതിനിടെയാണ് നാലു ദിവസത്തിനുശേഷം വിജേഷ് തിരിച്ചുവരുന്നതിന്‍റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചത്. വീട്ടിലെത്തി വേഷം മാറി വനാതിർത്തിയിലൂടെ വീണ്ടും തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴാണ് കുമളി സിഐയുടെ നേതൃത്വത്തിലുള്ള സംഘം വിജേഷിനെ പിടികൂടിയത്.
No comments
Post a Comment